തിരുവല്ലയില്‍ ഗുണ്ടാ ആക്രമണം; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു
Tuesday, April 23, 2024 1:02 PM IST
പത്തനംതിട്ട: തിരുവല്ലയില്‍ കാറില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി വഴിയില്‍ തള്ളിയെന്ന് പരാതി. തൃശൂര്‍ മണ്ണൂത്തി സ്വദേശി ശരത്തിനാണ് മര്‍ദനമേറ്റത്.
തിങ്കളാഴ്ച രാത്രി പത്തോടെ പായിപ്പാട് ഭാഗത്തുനിന്നാണ് യുവാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെ പോലീസ് ഇവരെ പിന്തുടര്ന്ന് എത്തിയപ്പോള്‍ യുവാവിനെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
പോലീസ് സംഘം ഇവരെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പോലീസ് ജീപ്പില്‍ ഇടിച്ച ശേഷം ഇവര്‍ രക്ഷപെടുകയായിരുന്നു. ഗുണ്ടാ നേതാവായ രാഹുലും സംഘവുമാണ് തന്നെ മര്‍ദിച്ചതെന്നാണ് യുവാവിന്റെ മൊഴി.
ശരത്ത് ജെസിബി ഡ്രൈവറാണ്. മണ്ണ് കടത്തുകാര്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.