""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
Tuesday, April 23, 2024 11:44 AM IST
കണ്ണൂര്‍: രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ പി.വി.അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.
രാഹുലിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന പി.വി.അന്‍വറിന്റെ അധിക്ഷേപ പരാമര്‍ശത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. രാഹുല്‍ ഗാന്ധി പറയുമ്പോള്‍ ശ്രദ്ധിക്കണം, തിരിച്ചുകിട്ടുമെന്ന് നല്ലവണ്ണം ആലോചിക്കണം.
രാഹുലിന് നല്ല മാറ്റം വന്നുവെന്ന് പല സൗഹൃദസംഭാഷണങ്ങളിലും കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞിരുന്നു. രാഹുല്‍ ഇന്ത്യയിലുടനീളം നടന്ന് ധാരാളം അനുഭവമൊക്കെ വന്നുവെന്നാണ് കരുതിയത്. പക്ഷെ കേരളത്തില്‍ വന്നു പറഞ്ഞ കാര്യങ്ങള്‍ സാധാരണ രാഷ്ട്രീയ നേതാവിന് ചേര്‍ന്നതല്ല.
രാജ്യത്ത് അതീവ ഗൗരവമുള്ള വിഷയങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ രാഹുല്‍ ഇവിടെയുണ്ടാകില്ല. രാഹുലിനെപ്പോലെ ഒരാളില്‍നിന്ന് ബിജെപിയെ സഹായിക്കുന്ന നിലപാടുണ്ടാകുന്നത് അപക്വമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.