മണിപ്പുരില്‍ ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടു; കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട്
Tuesday, April 23, 2024 11:00 AM IST
വാഷിംഗ്ടണ്‍ ഡിസി: മണിപ്പുര്‍ അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി അമേരിക്ക. മണിപ്പുരില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ വലിയ തോതില്‍ ആക്രമണമുണ്ടായതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക മനുഷ്യാവകാശ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മണിപ്പുര്‍ വംശീയ കലാപത്തില്‍ 200-ല്‍ ഏറെപ്പേര്‍ മരിച്ചു. നിരവധി വീടുകളും ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു. മതന്യൂനപക്ഷങ്ങള്‍ക്കെതിരേ ഇന്ത്യയില്‍ തെറ്റായ പ്രചാരണമുണ്ടാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിമിനല്‍ മാനനഷ്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഗുജറാത്ത് കോടതി പരമാവധി ശിക്ഷ വിധിച്ചതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ ഭീഷണി നേരിടുന്നെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. ജമ്മു കാഷ്മീരിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ പോലീസ് നടപടിയുണ്ടായി. ബിബിസിക്ക് എതിരെ ഉണ്ടായ ആദായനികുതി വകുപ്പ് പരിശോധനയും തുടര്‍നടപടികളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.