അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
Tuesday, April 23, 2024 7:04 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അരിസോണയിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് വിദ്യാർഥികൾ വാഹനാപകടത്തിൽ മരിച്ചു. നിവേശ് മുക്ക(19), ഗൗതം കുമാർ പാർസി(19) എന്നിവരാണ് മരിച്ചത്. പിയോറിയയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
നിവേശ് കരിംനഗർ ജില്ലയിലെ ഹുസുറാബാദ് പട്ടണത്തിൽ നിന്നുള്ളയാളും ഗൗതം കുമാർ ജങ്കാവ് ജില്ലയിലെ സ്റ്റേഷൻ ഘാൻപൂരിൽ നിന്നുള്ളയാളുമാണ്. ഇരുവരും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിന് പഠിക്കുകയായിരുന്നു.
സർവകലാശാലയിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോൾ എതിർദിശയിൽ നിന്ന് വന്ന കാർ ഇവരുടെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. നിവേശും ഗൗതമും സംഭവസ്ഥലത്ത് തന്നെ മരിച്ചു, രണ്ട് കാറുകളുടെയും ഡ്രൈവർമാർക്ക് പരിക്കേറ്റു.
ഡോക്ടർ ദമ്പതികളായ നവീനിന്റെയും സ്വാതിയുടെയും മകനാണ് നിവേശ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് രണ്ട് വിദ്യാർഥികളുടെയും കുടുംബങ്ങൾ ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചു.