പിണറായിയുടെ സർട്ടിഫിക്കറ്റ് രാഹുലിന് വേണ്ടെന്ന് കെ.സി. വേണുഗോപാൽ
Monday, April 22, 2024 11:37 PM IST
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രസംഗം എഴുതുന്നത് ഒരാളാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രണ്ടു പേർക്കും ഒരേ ഭാഷയാണ്. ഇത്രയും അപഹാസ്യനായ ഒരാളുടെ കൈയിൽ നിന്നും രാഹുലിന് സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ട എന്നും അദ്ദേഹം പറഞ്ഞു.
യഥാർഥ കമ്യൂണിസ്റ്റുകാരന്റെ മനസിനകത്ത് രാഹുലുണ്ട്. ഇന്ത്യ സഖ്യത്തിൽ എന്നാണ് പിണറായി വന്നതെന്ന് വേണുഗോപാൽ ചോദിച്ചു. ഇന്ത്യ സഖ്യത്തിലെ ഏതെങ്കിലും ഒരു യോഗത്തിൽ പിണറായി പങ്കെടുത്തിട്ടുണ്ടോ. ഇന്ത്യ സഖ്യത്തിന്റെ പേര് പിണറായി പറഞ്ഞത് തന്നെ രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കാൻ വേണ്ടി മാത്രമാണ്.
മധുരയിൽ സിപിഎം വോട്ടു പിടിച്ചത് രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർഥിയാണെന്ന് പറഞ്ഞാണ്. സീതാറാം യെച്ചൂരിയെക്കാൾ വലിയ ആളല്ലല്ലോ പിണറായി വിജയൻ. പിണറായിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ് അയോഗ്യത.
രാഹുലിനെ വിമർശിക്കുന്നതിൽ മോദിയേക്കാൾ മുന്നിലാണെന്ന് വരുത്താനുള്ള ശ്രമത്തിലാണ് പിണറായി വിജയനെന്നും വേണുഗോപാൽ ആരോപിച്ചു. സ്വന്തം ഭരണത്തിലെ വൃത്തികേടുകൾ ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കാനുള്ള തന്ത്രമാണിത്.
മകൾക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾക്ക് ഒരു വരി പോലും മറുപടി പറയാത്ത പിണറായി വിജയനാണ് രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്നതെന്നും വേണുഗോപാൽ പരിഹസിച്ചു.