കൊട്ടിക്കലാശത്തിന് ഇനി രണ്ടുനാൾ; അവസാന റൗണ്ടിൽ മുന്നണികൾ
Monday, April 22, 2024 8:11 PM IST
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് രണ്ട് നാൾ മാത്രം അവശേഷിക്കെ പ്രചാരണം കൂടുതൽ ശക്തമാക്കി മുന്നണികളുടെ തേരോട്ടം. ബുധനാഴ്ച വൈകുന്നേരമാണ് കൊട്ടിക്കലാശം.
മൈക്ക് സ്ക്വാഡുകളും കലാപരിപാടികളുമായി കൊഴുപ്പേറുന്ന പ്രചരണമാണ് മൂന്ന് മുന്നണികളും നടത്തുന്നത്. ദിനംപ്രതി നടക്കുന്ന സംഭവ വികാസങ്ങളെ തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുള്ള തീവ്രശ്രമത്തിലാണ് മുന്നണികൾ.
സംസ്ഥാനത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും മൂന്ന് മുന്നണികളും ഉച്ചഭാഷിണികൾ വാഹനങ്ങളിൽ പ്രവർത്തിപ്പിച്ച് കൊണ്ടുള്ള പ്രചാരണം ശക്തമായി മുന്നേറുകയാണ്. ബിജെപി മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശക്തമായ പ്രചാരണമാണ് തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, പത്തനംതിട്ട മണ്ഡലങ്ങളിൽ നടക്കുന്നത്.
തൃശൂർ പൂരത്തിനോടനുബന്ധിച്ച് നടന്ന അനിഷ്ട സംഭവങ്ങളാണ് ഇപ്പോൾ ഏറെ ചർച്ചയായി മാറിയിരിക്കുന്നത്. മൂന്ന് മുന്നണികളും രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുകയാണ്.
പൂരത്തിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ പൂര പ്രേമികൾ അസ്വസ്ഥരാണെന്നറിയാവുന്ന മുന്നണികൾ വോട്ടാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. പൂരത്തിലെ അനിഷ്ട വിഷയങ്ങൾ എൽഡിഎഫിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനത്തിൽ സിപിഐക്കും കടുത്ത അതൃപ്തിയുണ്ട്. യുഡിഎഫും ബിജെപിയും എൽഡിഎഫിനെതിരെ കടുത്ത ആരോപണമാണ് ഉന്നയിക്കുന്നത്.
മുഖ്യമന്ത്രിയുടെ മകൾക്കെതിരേയുള്ള മാസപ്പടിക്കേസും എസ്എഫ്ഐഒ അന്വേഷണവും കരുവന്നൂർ ബാങ്ക് തട്ടിപ്പും സിദ്ധാർഥന്റെ മരണവും പെൻഷൻ മുടങ്ങിയതും സർക്കാർ ഉദ്യോഗസ്ഥരുടെ ശന്പളം മുടങ്ങിയതും കൂടുതൽ തുക പിൻവലിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയതും എല്ലാം തെരഞ്ഞെടുപ്പ് ചർച്ചയായിട്ടുണ്ട്. ഓരോ ദിവസവും വർത്തമാന സംഭവങ്ങളാണ് ചർച്ചയായിക്കൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ അഭിപ്രായ സർവേകളിൽ സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കം പറയുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ ലഭിച്ച 19 സീറ്റ് ലഭിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ദേശീയ തലത്തിൽ സിപിഎമ്മിന് തലയുയർത്തി നിൽക്കാൻ ഇത്തവണ കേരളത്തിൽ മികച്ച വിജയം അനിവാര്യമാണ്. എട്ട് സീറ്റെങ്കിലും നേടണം എന്ന പ്രതീക്ഷയിലാണ് ഇടത് മുന്നണി.