പക്ഷിപ്പനി: അതിർത്തിയിൽ പരിശോധന ശക്തം
Monday, April 22, 2024 7:59 PM IST
തിരുവനന്തപുരം: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ അതിർത്തികളിൽ പരിശോധന ശക്തമാക്കി. വാളയാർ ഉൾപ്പെടെയുള്ള കേരള-തമിഴ്നാട് അതിർത്തികളിലാണ് പരിശോധനയ്ക്കായി മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെ നിയോഗിച്ചിട്ടുള്ളത്. ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി തളിച്ചാണ് കടത്തിവിടുന്നത്.
അതേസമയം തമിഴ്നാടും അതിർത്തികളിൽ നിരീക്ഷണം കർക്കശമാക്കി. കേരളത്തോടു ചേർന്നുള്ള കോയമ്പത്തൂരിലെ ആനകട്ടി, ഗോപാലപുരം, വാളയാർ ഉൾപ്പെടെ 12 ചെക്പോസ്റ്റുകളിലും കന്യാകുമാരി, തേനി ജില്ലകളിലെ വിവിധ ഇടങ്ങളിലുമാണ് പൊതുജനാരോഗ്യവകുപ്പും മൃഗസംരക്ഷണവകുപ്പും നിരീക്ഷണം ശക്തമാക്കിയത്.
പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ പൊതുജനാരോഗ്യവകുപ്പിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ആലപ്പുഴയിൽ ചെറുതന, എടത്വ മേഖലകളിൽ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കാൻ നടപടി തുടങ്ങി.