ജോഷിയുടെ വീട്ടിലെ മോഷണം: പ്രതിക്കെതിരേ ആറു സംസ്ഥാനങ്ങളിലായി 19 കേസുകൾ, ഭാര്യ പഞ്ചായത്ത് പ്രസിഡന്റ്
Monday, April 22, 2024 12:33 PM IST
കൊച്ചി: സംവിധായകൻ ജോഷിയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആറോളം സംസ്ഥാനങ്ങളിലായി 19 ഓളം കേസുകളില്‍ പ്രതിയാണ് ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ഇർഫാൻ എന്ന് സിറ്റി പോലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദർ പറഞ്ഞു.
ഇയാളുടെ ഭാര്യ ഗുൽഷൻ ബിഹാറിലെ സീതാമഢി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നാണ് ഇർഫാൻ പിടിയിലായത്. നേരത്തെ തിരുവനന്തപുരത്ത് ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയതും ഇയാള്‍ തന്നെയാണെന്ന് കമ്മീഷണര്‍ പറഞ്ഞു.
ഈ മാസം 20 നാണ് ഇര്ഫാന് കൊച്ചിയിലെത്തിയത്. പനമ്പിള്ളി നഗറിലെ സംവിധായകന് ജോഷിയുടേത് കൂടാതെ ഈ പ്രദേശത്തെ മൂന്നു വീടുകളില്‍ കൂടി ഇയാള്‍ മോഷണത്തിന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ വീടുകളില്‍ കയറാന്‍ പറ്റിയില്ല.
ഇയാള്‍ ബിഹാര്‍ റോബിന്‍ഹുഡ് എന്ന പേരിൽ അറിയപ്പെടുന്ന കാര്യം ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, സ്റ്റോറികള്‍ നിങ്ങളല്ലേ നല്‍കുന്നത് എന്നായിരുന്നു കമ്മീഷണറുടെ പ്രതികരണം.
ഇയാള്‍ ബിഹാറില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത് രാഷ്ട്രീയ പ്രവര്ത്തകന് എന്ന നിലയിലല്ല, കള്ളനെന്ന നിലയിലാണ്. പാവങ്ങളെ സഹായിക്കുന്നതിനായി മോഷണം നടത്തുന്നത് ശരിയായ രീതിയായിട്ട് തോന്നുന്നില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.
ജോഷിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച ഒരുകോടിയോളം രൂപയുടെ ആഭരണങ്ങള്‍ എല്ലാം കണ്ടെടുത്തിട്ടുണ്ട്. 15 മണിക്കൂറിനുള്ളിൽ പ്രതിയെ പിടിക്കാൻ കഴിഞ്ഞത് പോലീസിന് അഭിമാന നിമിഷമാണെന്നും കമ്മീഷണർ പറഞ്ഞു.
അതേസമയം, മുഹമ്മദ് ഇര്ഫാന് മോഷ്ടിക്കാനായി ആഡംബര ഏരിയയിലെ വീടുകള്‍ കണ്ടെത്തിയിരുന്നത് ഗൂഗിള്‍ സെര്ച്ചിലൂടെയെന്നാണ് പോലീസ് കണ്ടെത്തിയത്. അന്യ സംസ്ഥാനങ്ങളിലെ ആഡംബര ഏരിയ ഗൂഗിള്‍ സെര്‍ച്ചിലൂടെ കണ്ടെത്തും. തുടര്‍ന്ന് സ്വന്തം കാറില്‍ കിലോ മീറ്ററുകള്‍ താണ്ടി ഈ സ്ഥലങ്ങളിലെത്തും.
പകല്‍ സമയത്ത് വീട് കണ്ടെത്തിയ ശേഷം പുലര്‍ച്ചെ ഒന്നോടെയാണ് മോഷണം നടത്തുന്നത്. അതീവ സുരക്ഷയുള്ള വീടുകളില്‍ പോലും വീട്ടുകാര്‍ അവിടെ ഉറങ്ങിക്കിടക്കുന്ന സമയം നോക്കി അതിവിദഗ്ധമായി മോഷണം നടത്തി മടങ്ങുന്നതാണ് ഇയാളുടെ രീതി.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംവിധായകന് ജോഷിയുടെ കൊച്ചി പനമ്പിള്ളിനഗറിലെ ‘അഭിലാഷം' വീട്ടില്‍ കവര്‍ച്ച നടന്നത്. മുകള്‍നിലയില്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒരു സെറ്റ് വജ്ര നെക്ലസ്, 10 വജ്ര മോതിരങ്ങള്‍, 12 വജ്ര കമ്മലുകള്‍, രണ്ട് സ്വര്‍ണ വങ്കി, 10 സ്വര്‍ണ മാലകള്‍, 10 സ്വര്‍ണ വളകള്‍, 10 വാച്ചുകള്‍ എന്നിവയാണ് മോഷ്ടിച്ചത്. സംഭവത്തില്‍ ജോഷിയുടെ മകന് അഭിലാഷിന്റെ പരാതിയില്‍ കേസെടുത്ത എറണാകുളം സൗത്ത് പോലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചിരുന്നു.
പ്രതിയെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും. ഇയാള്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തും.