കരുവന്നൂര്‍ കേസ്: എം.എം.വര്‍ഗീസിനെ ഇഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും
Monday, April 22, 2024 9:33 AM IST
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10ന് കൊച്ചിയിലെ ഓഫീസിലാണ് ചോദ്യംചെയ്യല്‍.
സിപിഎമ്മിന്റെ തൃശൂരിലെ അക്കൗണ്ട് വിവരങ്ങള്‍, ആദായ നികുതി റിട്ടേണ്‍ എന്നിവയെല്ലാം ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്ന വിവരത്തിന്റെ പശ്ചാത്തലത്തിലാണ് ഇഡിയുടെ ഈ നീക്കം.
ഈ മാസം എട്ടിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംപിയുമായ പി.കെ. ബിജു, തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ പി.കെ. ഷാജന് എന്നിവർ വര്‍ഗീസിനൊപ്പം ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു.
നേരത്തെ, വര്‍ഗീസിനെ ചോദ്യം ചെയ്യുന്ന ദിവസം തന്നെ തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇന്‍കംടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പരിശോധന നടത്തുകയും സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് പരിശോധിക്കുകയും ചെയ്തിരുന്നു. അഞ്ച് കോടി 10 ലക്ഷം രൂപ ഉണ്ടായിരുന്ന അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു.
അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപ ഈ മാസം രണ്ടിന് പിന്‍വലിച്ചിട്ടുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. ബാങ്ക് ഓഫ് ഇന്ത്യയില്‍ ഈ അക്കൗണ്ട് ഉള്ള കാര്യം ആദായ നികുതിവകുപ്പിനെ അറിയിച്ചിരുന്നില്ല എന്നാണ് ഇഡിയുടെ വാദം. എന്നാല്‍ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് ഒന്നും ഒളിപ്പിക്കാനില്ലെന്നായിരുന്നു വര്‍ഗീസിന്റെ പ്രതികരണം. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെതിരേ സിപിഎം നേതൃത്വവും രംഗത്തെത്തിയിരുന്നു.