രാഹുല്‍ തെവാട്ടിയ രക്ഷിച്ചു ; ഗുജറാത്ത് ടൈറ്റന്‍സിന് വിജയം
Sunday, April 21, 2024 11:59 PM IST
ചണ്ഡീഗഢ്: ഐപിഎലിൽ പഞ്ചാബ് കിംഗ്സിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസിന് മൂന്ന് വിക്കറ്റ് വിജയം. സ്കോർ: പഞ്ചാബ് 142/10, ഗുജറാത്ത് 146/7(19.1).
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബ് ഗുജറാത്ത് സ്പിന്നര്‍മാർ ഒരുക്കിയ കെണിയിൽ വീഴുകയായിരുന്നു. 20 ഓവറില്‍ 142 റണ്‍സിന് എല്ലാവരും പുറത്തായി.
വാലറ്റത്ത് 12 പന്തില്‍ 29 റണ്‍സ് എടുത്ത ഹര്‍പ്രീത് ബ്രാറാണ് പഞ്ചാബിന് മാന്യമായ സ്കോർ സമ്മാനിച്ചത്. പ്രഭ്സിമ്രാന് സിംഗ് (35), സാം കറന് (20), ഹര്‍പ്രീത് സിംഗ് ഭാട്ടിയ (14), ജിതേഷ് ശര്‍മ്മ (13) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
ടൈറ്റന്‍സിനായി സായ് കിഷോര്‍ നാലും നൂര്‍ അഹമ്മദും മോഹിത് ശര്‍മ്മയും രണ്ടും റാഷിദ് ഖാന് ഒരു വിക്കറ്റും വീഴ്ത്തി.
143 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ടൈറ്റന്‍സിന് വൃദ്ധിമാന്‍ സാഹയെ (11 പന്തില്‍ 13) തുടക്കത്തിലെ നഷ്ടമായി. തുടർന്ന് ക്രീസിൽ ഒന്നിച്ച ശുഭ്മാന്‍ ഗില്ലും സായ് സുദർശനും ടീമിനെ കരയ്ക്കെത്തിക്കുകയായിരുന്നു.
അവസാന ഓവറുകളിൽ തകർത്തടിച്ച രാഹുൽ തെവാട്ടിയ (18 പന്തിൽ 36) ഗുജറാത്തിന്റെ ജയത്തിൽ നിർണായക പങ്കുവഹിച്ചു. പഞ്ചാബിനായി ഹർഷൽ പട്ടേൽ മൂന്നും ലയാം ലിവിംഗ്സ്റ്റൺ രണ്ടു വിക്കറ്റും വീഴ്ത്തി.
മുപ്പത്തിമൂന്ന് റൺസിന് നാലു വിക്കറ്റ് വീഴ്ത്തിയ ടൈറ്റന്‍സിന്റെ സായ് കിഷോറിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.