ആർസിബി പൊരുതി വീണു; കോൽക്കത്തയ്ക്ക് ആവേശ വിജയം
Sunday, April 21, 2024 8:49 PM IST
കോല്‍ക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിൽ ആവേശ ജയവുമായി കോൽക്കത്ത നൈറ്റ് റൈഡേഴ്സ്. അവസാന ഓവർ വരെ നീണ്ട പോരാട്ടത്തിൽ ഒരു റൺസിനാണ് കോൽക്കത്ത വിജയം സ്വന്തമാക്കിയത്. സ്കോർ: കോൽക്കത്ത 222/6 ബംഗളൂരു 221/10.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കോല്‍ക്കത്ത ആറുവിക്കറ്റ് നഷ്ടത്തിൽ 222 റൺസ് നേടി. 223 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബി മത്സരത്തിലെ അവസാന പന്തില്‍ 221 റണ്‍സിന് ഓള് ഔട്ടാവുകയായിരുന്നു.
അവസാന ഓവറില്‍ ആര്‍സിബിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 21 റണ്‍സായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ഓവറിൽ കരണ്‍ ശര്‍മ്മ മൂന്ന് പടുകൂറ്റൻ സിക്സറുകൾ പറത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
അഞ്ചാം പന്തില്‍ കരണ്‍ ശര്‍മ്മ പുറത്തായതോടെ അവസാന പന്തില്‍ ആര്‍സിബിക്ക് ജയിക്കാൻ വേണ്ടത് മൂന്ന് റൺസായിരുന്നു. എന്നാല്‍ രണ്ടാം റണ്ണിനായുള്ള ഓട്ടത്തിനിടെ ലോക്കീ ഫെര്ഗ്യൂസന് റണ്ണൗട്ടായതോടെ കെകെആര്‍ ഒരു റണ്ണിന് വിജയം ആഘോഷിച്ചു.
ഓപ്പണര്‍ ഫിലിപ് സാള്‍ട്ട് (48), നായകന് ശ്രേയസ് അയ്യര്‍ (50), റിങ്കു സിംഗ് (24) എന്നിവര്‍ കെകെആറിനായി മികച്ച പ്രകടനം പുറത്തെടുത്തു. ആര്‍സിബിക്കായി യഷ് ദയാലും കാമറൂണ്‍ ഗ്രീനും രണ്ടും മുഹമ്മദ് സിറാജും ലോക്കീ ഫെര്‍ഗ്യൂസനും ഓരോ വിക്കറ്റും വീഴ്ത്തി.
മുപ്പത്തി രണ്ട് പന്തിൽ 55 റൺസ് നേടിയ വില്‍ ജാക്സും രജത് പാടിദാറിനേയും (23 പന്തില്‍ 52) ആർസിബിക്കായി പൊരുതി. മൂന്ന് വിക്കറ്റും ഇരുപത് പന്തിൽ 27 റൺസും നേടിയ കോൽക്കത്തയുടെആന്ദ്രെ റസലിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.