സൂറത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളി
Sunday, April 21, 2024 5:31 PM IST
അഹമ്മദാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ സൂറത്തിൽ നിന്ന് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാണിയുടെ നാമനിര്‍ദേശ പത്രിക തള്ളി.
നിലേഷിനെ പിന്തുണച്ചു കൊണ്ട് പത്രികയിൽ ഒപ്പിട്ട മൂന്നുപേരുടെയും ഒപ്പ് വ്യാജമാണെന്ന ആക്ഷേപത്തെത്തുടര്‍ന്നാണ് പത്രിക തള്ളിയത്. ഒപ്പ് തങ്ങളുടേതല്ലെന്ന് മൂന്നുപേരും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ അറിയിക്കുകയായിരുന്നു. തുടർന്ന് മൂന്നുപേരെയും കാണാതാകുകയായിരുന്നു.
നിലേഷിന്റെ ഡമ്മിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച സുരേഷ് പദ്ശലയുടെയും പത്രിക തള്ളി. ഇതോടെ മണ്ഡലത്തിൽ കോൺഗ്രസിന് സ്ഥാനാർഥി ഇല്ലാത്ത അവസ്ഥയായി. സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
നിലേഷിനെ പിന്തുണച്ച് പത്രികയിൽ ഒപ്പിട്ട മൂന്നുപേരെയും ബിജെപി ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം പോലീസിൽ പരാതി നൽകി.