പക്ഷിപ്പനി കൂടുതൽ മേഖലകളിലേക്ക്; ഇറച്ചി, മുട്ട വിൽപ്പന നിരോധിച്ചു
Sunday, April 21, 2024 3:38 PM IST
ആലപ്പുഴ: പക്ഷിപ്പനി ആലപ്പുഴയുടെ കൂടുതൽ മേഖലകളിലേക്ക് പടരുന്നത് ആശങ്ക പടർന്നു. രണ്ട് പ്രദേശത്ത് കൂടി പനിബാധയുള്ളതായി സംശയം ഉയർന്നതിനെ തുടർന്ന് ഇറച്ചി, മുട്ട വിൽപ്പന അധികൃതർ നിരോധിച്ചു. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പുതുതായി പക്ഷിപ്പനി ബാധയുണ്ടെന്ന് സംശയിക്കുന്നത്.
നേരത്തെ എടത്വ, ചെറുതന പഞ്ചായത്തുകളിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു വരുന്നതിനിടെയാണ് പുതിയ രണ്ടിടത്ത് കൂടി പനിബാധ സംശയിക്കുന്നത്.
മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്ന ശേഷം പനിബാധ സ്ഥിരീകരിക്കാൻ കഴിയൂ.
പക്ഷിപ്പനിയെ തുടർന്ന് ഇതുവരെ 17,480 താറാവുകളെയാണ് കൊന്ന് മറവ് ചെയ്തത്. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പന നിരോധിച്ചിരിക്കുകയാണ്. ഏപ്രിൽ 26 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്.
അതേസമയം, കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ തമിഴ്നാട് സർക്കാരും ജാഗ്രത നിർദ്ദേശം നൽകി. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളും കയറ്റി തമിഴ്നാട്ടിലേക്ക് വരുന്ന വാഹനങ്ങൾ തിരിച്ചയക്കാനാണ് തീരുമാനം. ഇതിനായി അതിർത്തികളിൽ പരിശോധന ശക്തമാക്കി. 12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചാണ് തമിഴ്നാടിന്റെ പരിശോധന.