ജോസഫ് വിഭാഗത്തിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; സംസ്ഥാന വൈസ് ചെയർമാൻ പാർട്ടി വിട്ടു
Sunday, April 21, 2024 1:54 PM IST
കോട്ടയം: കേരള കോൺഗ്രസ്-ജോസഫ് വിഭാഗത്തിൽ വീണ്ടും രാജി. പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ വി.സി ചാണ്ടി മാസ്റ്റർ രാജിവച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കേ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ജോസഫ് വിഭാഗത്തിന് തിരിച്ചടിയാണ്.
കർഷകർക്ക് വേണ്ടി എന്ന നയ തീരുമാനത്തോടെ ആരംഭിച്ച പാർട്ടി ഇന്ന് കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിൽ നിഷ്ക്രിയമാണെന്ന് അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. മോൻസ് ജോസഫ് എംഎൽഎ അടക്കമുള്ളവരുടെ നീക്കങ്ങളും തീരുമാനങ്ങളും നടപ്പാക്കുന്നു എന്നതല്ലാതെ പാർട്ടി ചെയർമാൻ പി.ജെ ജോസഫ് നിസഹായനാണെന്നും രാജി പ്രഖ്യാപിച്ച് ചാണ്ടി മാസ്റ്റർ ആരോപിച്ചു.
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചാണ്ടി മാസ്റ്റർ സംസ്ഥാന കമ്മിറ്റി അംഗം, പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സെക്രട്ടറി, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, പാർട്ടി ഉന്നതാധികാര സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സംസ്ഥാന സീനിയർ വൈസ് ചെയർമാനായി രണ്ടാം വട്ടവും പ്രവർത്തിച്ചു വരികയായിരുന്നു.