സുഗന്ധഗിരിയിലെ മരം കൊള്ള അധികൃതരുടെ ഒത്താശയോടെ: റിപ്പോർട്ട് പുറത്ത്
Saturday, April 20, 2024 8:39 PM IST
കൽപ്പറ്റ: സുഗന്ധഗിരിയിലെ അനധികൃത മരംവെട്ടലിൽ വനംവകുപ്പ് അധികൃതരെ പ്രതികൂട്ടിലാക്കി റിപ്പോർട്ട്. ജീവനക്കാരുടെ ഒത്താശയോടെയാണ് മരം വെട്ടൽ നടന്നതെന്ന് ഫോറസ്റ്റ് വിജിലൻസ് ആന്റ് ഇന്റലിജൻസിന്റെ ചുമതലയുള്ള ഡോ.എൽ.ചന്ദ്രശേഖറിന്റെ റിപ്പോർട്ടിൽ പറയുന്നു.
സുഗന്ധഗിരിയിൽ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും ഭീഷണിയായ 20 മരം മുറിക്കാനാണ് അനുമതി നൽകിയത്. ഇതിന്റെ മറവിൽ 107 മരങ്ങളാണ് മുറിച്ചുകടത്തിയത്. ഡിഎഫ്ഒ ഷജ്ന അടക്കം 18 ഉദ്യോഗസ്ഥർ കൃത്യവിലോപം നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
മുറിച്ച മരം കൊണ്ടുപോകുന്നതിന് ഉദ്യോഗസ്ഥർ അനധികൃതമായി പാസ് നൽകി. പാസിൽ സർക്കാർ മുദ്ര പതിച്ചില്ല. ഡിഎഫ്ഒ ഷജ്ന ഫീൽഡ് പരിശോധന നടത്തിയില്ല. ഡിഎഫ്ഒയുടെ ഭാഗത്തുനിന്ന് മേൽനോട്ട വീഴ്ചയുണ്ടായി എന്നും റിപ്പോർട്ടിൽ പറയുന്നു.