മയക്കുമരുന്ന് വേട്ട: പരിശോധനയ്ക്കെത്തിയ പോലീസിനെ ആക്രമിച്ച് ആഫ്രിക്കൻ യുവാക്കൾ
Saturday, April 20, 2024 3:10 PM IST
ബംഗളൂരു: മയക്കുമരുന്നു വിൽപ്പന നടത്തുന്ന സംഘത്തെ പിടികൂടാനെത്തിയ പോലീസിനുനേരേ ആഫ്രിക്കൻ യുവാക്കളുടെ ആക്രമണം. വ്യാഴാഴ്ച രാത്രിയിൽ രജനുകുണ്ടെയ്ക്കടുത്ത മാവാലിപ്പുരയിലായിരുന്നു സംഭവം.
നഗരത്തിൽ മയക്കുമരുന്നു വിൽപ്പന നടത്തുന്ന സംഘത്തിലെ ആഫ്രിക്കൻ വംശജനായ യുവാവിനെ അറസ്റ്റ് ചെയ്തശേഷം താമസസ്ഥലത്തു പരിശോധനയ്ക്കെത്തിയ പോലീസ് സംഘത്തെ ആഫ്രിക്കക്കാർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ പരിക്കേറ്റ നാലു പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനുശേഷം പ്രതികൾ രക്ഷപ്പെട്ടു. ഇവർ നൈജീരിയയിൽനിന്നുള്ളവരാണെന്നാണു സൂചന. ബംഗളൂരു ക്രൈംബ്രാഞ്ചിനു കീഴിലുള്ള ആന്റി നാർകോട്ടിക് വിഭാഗം കഴിഞ്ഞ ആറിനു നടത്തിയ റെയ്ഡിൽ നഗരത്തിലെ ബാഗാൽഗുണ്ടെയിൽനിന്ന് ആഫ്രിക്കൻ യുവാവിനെ പിടികൂടുകയും ഇയാളുടെ താമസസ്ഥലത്തു നടത്തിയ പരിശോധനയിൽ നാലു കോടി രൂപ വിലമതിക്കുന്ന നാലുകിലോ എംഡിഎംഎ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
ബിഹാർ സ്വദേശിയുടെ വീട്ടിലാണു പ്രതികൾ വാടകയ്ക്കു താമസിച്ചിരുന്നത്. മൂന്നു മാസം മുന്പാണ് രണ്ട് ആഫ്രിക്കൻ സ്വദേശികൾ ഇവിടെ താമസത്തിനെത്തിയതെന്നും യാത്രാരേഖകൾ പരിശോധിക്കാതെയാണു താമസസൗകര്യം നൽകിയതെന്നും പോലീസ് അറിയിച്ചു.