കൂടിയാലോചനകള്‍ക്കുശേഷം ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരും: നിര്‍മലാ സീതാരാമന്
Saturday, April 20, 2024 11:51 AM IST
ന്യൂഡല്‍ഹി: അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്. കൂടിയാലോചനകള്‍ക്ക് ശേഷം ഏതെങ്കിലും രൂപത്തില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ തിരികെ കൊണ്ടുവരാനാണ് ഭാരതീയ ജനതാ പാര്‍ട്ടി ഉദ്ദേശിക്കുന്നത്.
എല്ലാവര്ക്കും സ്വീകാര്യമായ ചട്ടക്കൂടിനുള്ളില്‍ ഇലക്ടറല്‍ ബോണ്ട് തിരികെകൊണ്ടുവരുന്നതിനായി ഓഹരി ഉടമകളുമായി നിരന്തരം ചര്‍ച്ച നടത്തിവരികയാണ്. സുതാര്യത നിലനിര്‍ത്തിയും കള്ളപ്പണം എത്തുന്നത് പൂര്‍ണമായും തടഞ്ഞുകൊണ്ടുള്ള സംവിധാനമാകും അതെന്ന് അവര്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്കാന് 2018 ജനുവരി രണ്ടിനാണ് കേന്ദ്രസര്‍ക്കാര്‍ ഇലക്ടറല്‍ ബോണ്ട് ആവിഷ്ക്കരിച്ചത്. എന്നാല്‍ ഫെബ്രുവരി 15 ന് സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ പദ്ധതിയെ 'ഭരണഘടനാ വിരുദ്ധം' എന്ന് വിധിച്ചിരുന്നു.
ഈ ഉത്തരവിനെതിരേ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന ആവശ്യപ്പെടുമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് നിര്‍മലാ സീതാരാമന് വ്യക്തമാക്കി. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ഭരണപക്ഷത്തേക്ക് ചേക്കേറുന്ന നേതാക്കളുടെ ക്രിമിനല്‍ കുറ്റങ്ങള്‍ ബിജെപി അവഗണിച്ചുവെന്ന ആരോപണവും അവര്‍ തള്ളി.