പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
Friday, April 19, 2024 11:16 PM IST
ഭുവനേശ്വർ: നോക്കൗട്ട് മത്സരത്തിൽ ഒഡീഷ എഫ്സിയോടു തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്‍ സെമി ഫൈനൽ കാണാതെ പുറത്ത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഒഡീഷ എഫ്സി മഞ്ഞപ്പടയെ മുട്ടുകുത്തിച്ചത്. ലീഡ് എടുത്തശേഷമാണ് കേരളം തോൽവി വഴങ്ങിയത്.
നിശ്ചിത സമയത്ത് ഇരു ടീമും 1 -1 സമനില പാലിച്ച മത്സരത്തില്‍ എക്സ്ട്രാ ടൈമിലായിരുന്നു ബ്ലാസ്റ്റേഴ്സിനെതിരെ ഒഡീഷ വിജയഗോള്‍ നേടിയത്. നീണ്ട ഇടവേളക്കുശേഷം രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ ക്യാപ്റ്റൻ അഡ്രിയാന്‍ ലൂണക്കും ബ്ലാസ്റ്റേഴ്സിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല.
67-ാം മിനിറ്റിൽ ഫെഡോർ സിര്‍നിച്ചിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. 87-ാം മിനിറ്റ് വരെ ലീഡ് നിലനിര്‍ത്തിയെങ്കിലും ഡിയാഗോ മൗറീഷ്യയുടെ ഗോളില്‍ ഒഡീഷ സമനില പിടിച്ചു.
98-ാം മിനിറ്റില്‍ ഐസക് റാൽട്ടെയുടെ കാലിൽ നിന്ന് പാഞ്ഞ ഷോട്ട് ലക്ഷ്യസ്ഥാനത്ത് എത്തിയതോടെ ഒഡീഷ സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തു. സെമിയിൽ മോഹന്‍ ബഗാൻ സൂപ്പർ ജയന്റ്സാണ് ഒഡീഷയുടെ എതിരാളികൾ.