"വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ?' സർക്കാർ നിലപാട് മാറ്റിയതാണോ പ്രശ്നമെന്നും സുപ്രീംകോടതി
Friday, April 19, 2024 2:17 PM IST
ന്യൂഡൽഹി: തൊണ്ടിമുതൽ കേസിൽ സർക്കാർ തനിക്കെതിരെ ഫയൽചെയ്ത സത്യവാംഗ്മൂലത്തിൽ വസ്തുതാപരമായ തെറ്റുകൾ ഉണ്ടെന്ന് മുൻമന്ത്രി ആന്റണി രാജു സുപ്രീം കോടതിയിൽ. എന്നാൽ, വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജു അല്ലെന്ന് ജഡ്ജിമാരായ സുധാൻഷു ധൂലിയ, രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഇതോടെ, പിഴവ് ചൂണ്ടിക്കാട്ടിയതാണെന്ന് ആന്റണി രാജുവിന്റെ അഭിഭാഷകൻ ദീപക് പ്രകാശ് വ്യക്തമാക്കി. എന്നാൽ, കേസിൽ ആദ്യം പ്രതിക്കൊപ്പമായിരുന്ന സർക്കാർ പിന്നീട് നിലപാട് മാറ്റിയതല്ലേ പ്രശ്നമായതെന്ന് സുപ്രീം കോടതി ആരാഞ്ഞു. കേസ് വിശദമായ വാദത്തിന് അടുത്തമാസം ഏഴിലേക്ക് മാറ്റി.
1990 ഏപ്രിൽ നാലിനു തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ, അന്ന് ജൂനിയര്‍ അഭിഭാഷകനായ ആന്റണി രാജു തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്. കേസിൽ ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു ഒന്നും രണ്ടും പ്രതികൾ. കേസ് പുനരന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ആന്റണി രാജുവിനെതിരെയുള്ള ആരോപണം ഗുരുതരമാണെന്ന് വ്യക്തമാക്കി കഴിഞ്ഞയാഴ്ച സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാംഗ്മൂലം നല്‍കിയിരുന്നു. കേസില്‍ പുനരന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തു ആന്റണി രാജു സമര്‍പ്പിച്ച് ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിന് ആസ്പദമായ തൊണ്ടിമുതൽ ആന്റണി രാജുവിന്റെ അഭിഭാഷകൻ വിചാരണക്കോടതിയിൽനിന്ന് കൈപ്പറ്റിയെന്നാണ് സത്യവാംഗ്മൂലത്തിലുള്ളത്. എന്നാൽ, ലഹരിമരുന്നു കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരന്റെ അമ്മാവനാണ് തൊണ്ടിമുതൽ കൈപ്പറ്റിയതെന്നാണ് പോലീസിന്റെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. കേസിൽ നിർണായകമാകുന്ന ഈ വസ്തുതയാണ് സർക്കാർ തെറ്റായി കോടതിയെ അറിയിച്ചതെന്നാണ് ആന്റണി രാജുവിന്റെ ആക്ഷേപം.