കോന്നി മെഡിക്കല്‍ കോളജിന്റെ അത്യാഹിതവിഭാഗത്തില്‍ കാട്ടുപന്നി; പരിഭ്രാന്തി പരത്തി
Friday, April 19, 2024 12:42 PM IST
പത്തനംതിട്ട: കോന്നി ഗവ മെഡിക്കല്‍ കോളജിന്റെ അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ഓടിക്കയറി. അല്‍പ്പനേരം പരിഭ്രാന്തി പരത്തിയ പന്നി പിന്നീട് ഒപി ടിക്കറ്റ് നല്കുന്ന സ്ഥലത്തുകൂടി പുറത്തേക്ക് പോയി.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. തെരുവ് പട്ടികള്‍ ഓടിച്ചതിനെ തുടര്‍ന്ന് ഭയന്ന കാട്ടുപന്നി മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറുകയായിരുന്നു.
ഈ സമയം രോഗികള്‍ ആരുമില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. ജീവനക്കാര്‍ മാത്രമാണ് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നത്. പിന്നീട് അല്‍പ്പസമയത്തിന് ശേഷം പന്നി പുറത്തേക്ക് പോയി.
കോന്നി വനം ഡിവിഷനിലെ താവളപ്പാറ വനമേഖലയോട് ചേര്‍ന്നാണ് മെഡിക്കല്‍ കോളജ് സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് പതിവായി കാട്ടുപന്നിയുടെ ശല്യമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.