ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
Friday, April 19, 2024 7:31 AM IST
ന്യൂഡൽഹി: ഏഴു ഘട്ടങ്ങളിലായി നടക്കുന്ന പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്.
തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപിലെ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
അരുണാചൽപ്രദേശ്- 2, ആസാം- 5 , ബിഹാർ- 4, ഛത്തീസ്ഗഡ്- 1, ലക്ഷദ്വീപ്- 1, മധ്യപ്രദേശ്- 6, മഹാരാഷ്ട്ര-5, മേഘാലയ- 2, മിസോറം- 1, നാഗാലാൻഡ്- 1, പുതുച്ചേരി- 1, രാജസ്ഥാൻ- 12, സിക്കിം-1 , തമിഴ്നാട്- 39, ത്രിപുര-1, ഉത്തർപ്രദേശ്-5, പശ്ചിമബംഗാൾ- 3 എന്നീ മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ശക്തികേന്ദ്ര മണ്ഡലമായ ബസ്തറിൽ ഇന്നു നടക്കുന്ന വോട്ടെടുപ്പിനായി കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.വോട്ടെടുപ്പ് ബഹിഷ്കരിക്കാൻ മാവോയിസ്റ്റുകൾ ആഹ്വാനം നൽകിയിട്ടുള്ള സാഹചര്യത്തിൽ പോളിംഗ് കുറഞ്ഞേക്കുമെന്ന ആശങ്ക അധികൃതർക്കുണ്ട്. കഴിഞ്ഞ 16നുണ്ടായ ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സാഹചര്യവും അധികൃതർ ഗൗരവമായി കാണുന്നു.
പതിനായിരത്തോളം സുരക്ഷാ ഭടന്മാരെയാണ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നത്.