ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Friday, April 19, 2024 1:34 AM IST
ന്യൂഡൽഹി: കള്ളപ്പണക്കേസിൽ ആം ആദ്മി പാർട്ടി നേതാവും എംഎൽഎയുമായ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തു. ഡൽഹി വഖഫ് ബോർഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് നടപടി.
വഖഫ് ബോർഡിന്റെ സ്വത്ത് മറിച്ച് വിറ്റ് എന്നാണ് അമാനത്തുള്ള ഖാനെതിരായ ആരോപണം. വഖബ് ബോർഡ് സ്വത്തുക്കൾ മറിച്ചു വിറ്റെന്ന കേസിൽ ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണ കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീകോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കെട്ടിച്ചമച്ച കള്ളക്കേസാണ് ഇതെന്നും ചൂണ്ടിക്കാട്ടിയാണ് അമാനത്തുള്ള ഖാന് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ അമാനത്തുള്ള ഖാന്റെ വാദം കോടതി അംഗീകരിച്ചില്ല.
തുടർന്ന് ഈ മാസം 18ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നിർദേശിച്ചിരുന്നു. ദക്ഷിണ പൂര്‍വ ഡല്‍ഹിയിലെ ഓക്ല മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് അമാനത്തുള്ള ഖാന്.