മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; മൂന്നുപേർ ചികിത്സതേടി
Thursday, April 18, 2024 11:03 PM IST
പാലക്കാട്: മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൂന്നുപേർ ചികിത്സതേടി. എടത്തനാട്ടുകര പൂഴിത്തൊടിക ഉമ്മറിന്റെ ഭാര്യ സക്കീന (49), സക്കീനയുടെ മകന്റെ ഭാര്യ ഷറിൻ (23), ഇവരുടെ മകൾ ഹൈറ മറിയം (നാല്) എന്നിവരാണ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയത്.
അലനല്ലൂരിലെ ഒരു കടയില്‍ നിന്നും വാങ്ങിയ മുന്തിരി ഉപയോഗിച്ചാണ് ഇവര്‍ ജ്യൂസ് ഉണ്ടാക്കിയത്. ജ്യൂസ് കഴിച്ചയുടന്‍ ഇവർ ഛർദിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സമീപത്തെ ക്ലിനിക്കിലും തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലും ചികിത്സതേടുകയായിരുന്നു.
കടയിലെ മുന്തിരിയുടെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചു. ടെസ്റ്റിന്റെ ഫലംവന്നശേഷം തുടർനടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.