മാസപ്പടി കേസിൽ നിർണായക നീക്കം; ശശിധരൻ കർത്തയെ ഇഡി വീട്ടിലെത്തി ചോദ്യം ചെയ്യുന്നു
Wednesday, April 17, 2024 2:50 PM IST
കൊച്ചി: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). സിഎംആർഎൽ എംഡി ശശിധരന് കര്‍ത്തയെ വീട്ടിലെത്തി ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നു. ആലുവയിലെ വീട്ടിൽ നേരിട്ടെത്തിയാണ് ചോദ്യംചെയ്യൽ.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് സൊലൂഷന്‍സും സിഎംആര്‍എലും തമ്മിലുള്ള ദുരൂഹ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് ഇഡി സംഘം കർത്തയുടെ മൊഴിയെടുക്കുന്നത്. സിഎംആര്‍എലിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ മൊഴിയായി ശേഖരിക്കുകയാണ് ഇഡിയുടെ ലക്ഷ്യം.
കര്‍ത്തയോട് ചൊവ്വാഴ്ച ഹാജരാകാന്‍ ഇഡി ആവശ്യപ്പെട്ടെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഹൈക്കോടതിയിൽ സത്യവാംഗ്മൂലം നൽകുകയായിരുന്നു. യാത്ര ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കൽ രേഖകളും ഹാജരാക്കിയിരുന്നു.
സിഎംആർഎൽ -എക്സാലോജിക് സാമ്പത്തിക ഇടപാട് രേഖകൾ ഉദ്യോഗസ്ഥരിൽ നിന്നും ഇഡി തേടിയിരുന്നു. എന്നാൽ ആദായ നികുതി വകുപ്പ് പരിശോധിക്കുകയും. 2023 ൽ തീർപ്പാക്കുകയും ചെയ്തതാണെന്നാണ് മറുപടി നല്‍കിയത്. രേഖകൾ ലഭിക്കാതായതോടെയാണ് ഇഡി കർത്തയെ നേരിട്ടെത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം മൊഴിയെടുപ്പിനായി സിഎംആര്‍എലിലെ ഒരു വനിതയുള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ കൊച്ചി ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഒരു പകലും രാത്രിയും നീണ്ട മൊഴിയെടുപ്പിനൊടുവില്‍ ഇവരെ വിട്ടയച്ചത് ചൊവ്വാഴ്ച രാവിലെയാണ്.