സിഎഎയെപ്പറ്റി രാഹുൽ ഒരക്ഷരം സംസാരിച്ചിട്ടില്ല; കോൺഗ്രസിന്റെ ധർമം സംഘപരിവാറിനൊപ്പം നിൽക്കലാണോ: മുഖ്യമന്ത്രി
Wednesday, April 17, 2024 12:54 PM IST
പാലക്കാട്: പൗരത്വഭേദഗതി വിഷയത്തിൽ ബിജെപിക്കും കോൺഗ്രസിനുമെതിരേ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് അജന്‍ഡയാണ് രാജ്യത്ത് ബിജെപി നടത്തുന്നത്. രാജ്യത്തെ മൂല്യങ്ങളെല്ലാം തകർക്കുകയാണെന്നും മോദിയുടെ വാഗ്ദാനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ആഭ്യന്തര ശത്രുക്കൾ ന്യൂനപക്ഷവും കമ്മ്യൂണിസ്റ്റുകളുമാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പട്ടാമ്പിയിൽ നടന്ന എൽഡിഎഫ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി സിഎഎക്കെതിരായ സമരത്തിൽ അറസ്റ്റു ചെയ്യപ്പെട്ട ഏതെങ്കിലും കോൺഗ്രസുകാരുണ്ടോ എന്നും ചോദിച്ചു. കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയുടെ പേരുണ്ട്. ഏതെങ്കിലും കോൺഗ്രസുകാരന്റെ പേരുണ്ടോ? കോൺഗ്രസിനെ വിമർശിക്കുന്നതിൽ രാഹുലിന് പരാതിയുണ്ട്. സ്വന്തം ആളുകൾ പ്രക്ഷോഭത്തിലുണ്ടായിരുന്നുവെന്ന് രാഹുലിനു പറയാനാകുമോ എന്നും പിണറായി കൂട്ടിച്ചേർത്തു.
സിഎഎയെപ്പറ്റി രാഹുൽ ഒരക്ഷരം സംസാരിച്ചിട്ടില്ല. കോൺഗ്രസിന്റെ ധർമം സംഘപരിവാറിനൊപ്പം നിൽക്കലാണോ? മതനിരപേക്ഷമെന്ന് പറയുന്ന കോൺഗ്രസിനു എന്തുകൊണ്ടാണ് സംഘപരിവാർ മനസിനോട് യോജിപ്പ്? കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തിന്റെ ഭാഗമായാണ് കേരളത്തിലെ കോൺഗ്രസ് സിഎഎക്കെതിരായ സമരത്തിൽ നിന്നും പിൻവാങ്ങാൻ കാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു.