സിദ്ധാർഥന്റെ മരണം: പെർഫോമ തയാറാക്കുന്നതിൽ വീഴ്ചയില്ലെന്നു ഡിജിപി
Tuesday, April 16, 2024 6:43 PM IST
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള പെർഫോമ തയാറാക്കുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട്. ആഭ്യന്തരവകുപ്പ് സെക്രട്ടറിക്കാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.
ആഭ്യന്തരവകുപ്പ് ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് പെർഫോമ റിപ്പോർട്ട് തയാറാക്കുന്നതെന്നാണ് ഡിജിപി വ്യക്തമാക്കിയിരിക്കുന്നത്. മുൻകാലങ്ങളിലും സമാനമായ രീതിയിലാണ് റിപ്പോർട്ട് തയാറാക്കിയിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
സിദ്ധാർഥന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ കാലതാമസം വരുത്തിയെന്ന ആഭ്യന്തര സെക്രട്ടറിയുടെ കണ്ടെത്തലിനാണ് ഡിജിപിയുടെ മറുപടി.
പെർഫോമ റിപ്പോർട്ട് തയാറാക്കി സിബിഐ അന്വേഷണത്തിന് റിപ്പോർട്ട് സമർപ്പിക്കുന്നതിൽ പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിരുന്നു. സംഭവത്തിൽ ആഭ്യന്തരവകുപ്പിലെ മൂന്ന് വനിതാ ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്യുകയും ചെയ്തു. പിന്നാലെയാണ് ആഭ്യന്തരസെക്രട്ടറി ഡിജിപിയോട് റിപ്പോർട്ട് തേടിയത്.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ഉൾപ്പെടെ നൽകണമെന്നായിരുന്നു ആഭ്യന്തര സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടില്ലെന്നും സ്വാഭാവികമായ നടപടിക്രമങ്ങൾ അനുസരിച്ചാണ് പെർഫോമ റിപ്പോർട്ട് തയാറാക്കിയതെന്നുമാണ് ഡിജിപിയുടെ നിലപാട്.
ഒരു ഉദ്യോഗസ്ഥന്റെ പേരും ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ പ്രതിപാദിച്ചിട്ടില്ല. സംസ്ഥാന പോലീസ് മേധാവിയും ആഭ്യന്തര സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം സമീപകാലത്തായി പുറത്തുവന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവം.