ചോദ്യം ചെയ്യൽ നീണ്ടത് 24 മണിക്കൂർ; സിഎംആർഎൽ ഉദ്യോഗസ്ഥരെ വിട്ടയച്ച് ഇഡി
Tuesday, April 16, 2024 11:50 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ മൂന്ന് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കമ്പനി സിഎഫ്ഒ സുരേഷ് കുമാർ, സീനിയർ മാനേജർ ചന്ദ്രശേഖരൻ, സിസ്റ്റംസ് ചുമതലയുള്ള അഞ്ജു എന്നിവരെയാണ് ചോദ്യം ചെയ്യലിന് ശേഷം ഇഡി വിട്ടയച്ചത്.
24 മണിക്കൂറോളമാണ് ഇഡി മൂവരെയും ചോദ്യം ചെയ്തത്. വീണാ വിജയന് ഒരു കോടി 72 ലക്ഷം രൂപ സിഎംആർഎൽ നൽകിയത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോയെന്നാണ് ഇഡി പരിശോധിക്കുന്നത്.
വീണാ വിജയനും ഇവരുടെ കമ്പനിയായ എക്സാലോജിക്കിനും സിഎംആര്‍എല്‍ പണം നല്‍കിയത് ഏത് സാഹചര്യത്തിലാണ്, എത്ര പണം നല്കി തുടങ്ങിയ കാര്യങ്ങളാണ് സിഎംആര്‍എലിലെ ഉദ്യോഗസ്ഥരോട് ഇഡി തേടിയത്.
ഐടി സോഫ്റ്റ്വെയര് ഡെവലപ്പ്മെന്റിന്റെ പേരിലാണ് എക്സാജോലിക്കിന് പണം നല്‍കിയതെന്നായിരുന്നു നേരത്തേ സിഎംആര്‍എലിന്റെ വിശദീകരണം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് സിസ്റ്റംസ് ചുമതലയുള്ള ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.