ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞിനെ മാതാപിതാക്കൾക്ക് തിരികയേൽപ്പിച്ചു
Tuesday, April 16, 2024 7:47 AM IST
ന്യൂഡൽഹി: ഷക്കൂർ ബസ്തി റെയിൽവേ സ്റ്റേഷന് സമീപത്തെ റെയിൽവേ പാളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഡൽഹി പോലീസ് കുടുംബാംഗങ്ങൾക്ക് തിരികെ നൽകി.
ഗ്വാളിയോറിൽ നിന്ന് ഡൽഹി വഴി ആഗ്രയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ദമ്പതികൾക്ക് കുട്ടിയെ നഷ്ടപ്പെട്ടത്. നടപടിക്രമങ്ങൾ സ്വീകരിച്ച ശേഷം കുഞ്ഞിനെ മാതാപിതാക്കൾക്ക് തിരികെ നൽകിയതായി പോലീസ് അറിയിച്ചു.
ഏപ്രിൽ ഒമ്പതിന് റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കുഞ്ഞിനെ കണ്ടെത്തിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (റെയിൽവേ) കെ.പി.എസ് മൽഹോത്ര പറഞ്ഞു. കുട്ടിയെ ഉപേക്ഷിച്ച സ്ഥലത്ത് സിസിടിവി കാമറകളൊന്നും ഉണ്ടായിരുന്നില്ല.
കുഞ്ഞിനെക്കുറിച്ചുള്ള സൂചനകൾ കണ്ടെത്താൻ ക്രൈം, ഫോറൻസിക് ടീമുകൾ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. കേസ് അന്വേഷിക്കുന്ന സംഘം കുഞ്ഞിന്റെ ചിത്രങ്ങളും മറ്റ് വിശദാംശങ്ങളും രാജ്യത്തുടനീളമുള്ള എല്ലാ ഡിസിപിമാരുമായും എസ്എസ്പിമാരുമായും ഡൽഹിയിലെ എല്ലാ എസ്എച്ച്ഒമാരുമായും സോഷ്യൽ മീഡിയ വഴി പങ്കിട്ടിരുന്നു.
പിന്നീട് അന്വേഷണ സംഘത്തെ ആഗ്രയിൽ നിന്നുള്ള അനിൽ കുമാർ രജാവത്ത് എന്നയാൾ ബന്ധപ്പെടുകയായിരുന്നു. കുഞ്ഞിന്റെ പിതാവാണ് താനെന്ന് രാജവത് പോലീസിനോട് പറഞ്ഞു. ഏപ്രിൽ 13 ന് അദ്ദേഹം ഭാര്യയോടൊപ്പം ഡൽഹിയിൽ വന്ന് അന്വേഷണസംഘത്തെ കണ്ടതിന് ശേഷം കുഞ്ഞ് അവരുടെ മകനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
നിയമ നടപടികൾക്ക് ശേഷം കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറിയതായും പോലീസ് അറിയിച്ചു.