സൽമാൻ ഖാന്റെ വീടിനു നേരെ വെടിവച്ച രണ്ടുപേർ പിടിയിൽ
Tuesday, April 16, 2024 5:04 AM IST
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ വീടിനു നേരെ വെടിവച്ച സംഭവത്തിൽ രണ്ടുപേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. വെടിവച്ച ശേഷം രക്ഷപ്പെട്ട രണ്ട് പ്രതികളെയും ഗുജറാത്തിലെ ഭുജിൽ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
കൂടുതൽ അന്വേഷണത്തിനായി ഇവരെ മുംബൈയിൽ എത്തിക്കും. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് നേരെ ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർത്തത്. ബൈക്കിന്റെ ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു.
എന്നാൽ താൻ ബൈക്ക് വിറ്റതാണെന്ന് ഇയാൾ മൊഴി നൽകിയിരുന്നു. സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സൽമാനുമായി ഫോണിൽ സംസാരിച്ചു. സൽമാൻ ഖാന്റെ സുരക്ഷ വർധിപ്പിക്കാൻ മുംബൈ പോലീസ് കമ്മീഷണർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
ഗുണ്ടാസംഘങ്ങളായ ലോറൻസ് ബിഷ്ണോയിയുടെയും ഗോൾഡി ബ്രാറിന്റെയും ഭീഷണിയെത്തുടർന്ന് സൽമാൻ ഖാന് വൈ പ്ലസ് സുരക്ഷ ഒരുക്കിയിരുന്നു.