ഒഡീഷയിൽ ബസ് പാലത്തിൽ നിന്നും മറിഞ്ഞ് അഞ്ച് പേർക്ക് ദാരുണാന്ത്യം
Tuesday, April 16, 2024 12:19 AM IST
ഭുവനേശ്വർ: ഒഡീഷയിലെ ജാജ്പൂർ ജില്ലയിൽ കോൽക്കത്തയിലേക്കുള്ള ബസ് പാലത്തിൽ നിന്നും വീണ് ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
40 യാത്രക്കാരുമായി പുരിയിൽ നിന്ന് കോൽക്കത്തയിലേക്ക് പോകുകയായിരുന്ന ബസ് ദേശീയ പാത-16 ലെ ബരാബതി പാലത്തിൽ വച്ചാണ് രാത്രി ഒമ്പതോടെ അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ജാജ്പൂർ പോലീസ് സൂപ്രണ്ടും ഡോക്ടർമാരുടെ സംഘവും മറ്റ് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും അപകടസ്ഥലത്തുണ്ട്.
അഗ്നിശമന സേനാംഗങ്ങൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് ബസ് മുറിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മുഖ്യമന്ത്രി നവീൻ പട്നായിക് മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്നു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.