എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി തൊടുന്നില്ല: രാഹുൽ ഗാന്ധി
Monday, April 15, 2024 10:10 PM IST
കോഴിക്കോട്: ബിജെപിയെ വിമർശിച്ചതിന്റെ പേരിൽ ഇന്ത്യയിലെ മൂന്നു മുഖ്യമന്ത്രിമാരെ ജയിലിൽ അടച്ച ബിജെപി എന്തുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനെ തൊടുന്നില്ലെന്ന് രാഹുൽ ഗാന്ധി.
യുഡിഎഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു അദേഹം. ബിജെപിയുടെ ജനാധിപത്യവിരുദ്ധ നടപടികളെ, ഇന്ത്യയെ വിഭജിക്കാനുള്ള നീക്കങ്ങൾക്കെതിരേ ശക്തമായി പോരാടുന്ന തന്നെ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആക്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
എന്നെ പിണറായി വിജയൻ എതിർക്കുന്നതിൽ സന്തോഷമേയുള്ളു. പക്ഷെ ആർഎസ്എസിനെതിരേ അദേഹം ഇടയ്ക്ക് എന്തെങ്കിലും പറയണമെന്ന് ഞാൻ അഭ്യർഥിക്കുകയാണെന്നും രാഹുൽ പരിഹസിച്ചു.
ബിജെപിയുടെയും ആർഎസ്എസിന്റെയും നടപടികളെ എതിർത്തതിനാണ് ബിജെപി എന്നെ ലോക്സഭയിൽനിന്നു പുറത്താക്കിയത്. ലോക്സഭാ അംഗത്തിന് അവകാശപ്പെട്ട വീട്ടിൽനിന്ന് എന്നെ പുറത്താക്കി. ഒടുവിൽ സുപ്രീംകോടതി ഇടപെട്ടാണ് ലോക്സഭയിൽ തിരിച്ചെത്തിയത്.
ബിജെപിയെ വിമർശിച്ചതിന് അവർ സിബിഐ, ഇഡി തുടങ്ങിയ ഏജൻസികളെക്കൊണ്ട് വേട്ടയാടിയാണ് പ്രതികാരം ചെയ്തതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.