അബ്ദുൾ റഹീമിന്റെ മോചനം; ദയാധനം തയാറെന്ന് സൗദി ക്രിമിനൽ കോടതിയെ അറിയിച്ചു
Monday, April 15, 2024 8:27 PM IST
റിയാദ്: സൗദി അറേബ്യയിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് 19 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടന്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ദയാധനം തയാറെന്ന് സൗദി ക്രിമിനൽ കോടതിയിൽ രേഖാമൂലം അറിയിച്ചു. റഹീമിന്റെ അഭിഭാഷകനാണ് ദയാധനം തയാറെന്ന് കോടതിയെ അറിയിച്ചത്.
റഹീമിന്റെ കുടുംബം ചുമതലപ്പെടുത്തിയ സാമൂഹിക പ്രവർത്തകനും ഹാജരായി. എപ്രിൽ 16നുള്ളിൽ ദയാധനമായി സൗദി ബാലന്റെ കുടുംബത്തിനു നൽകേണ്ട 34 കോടി രൂപ സമാഹരിച്ചിരുന്നു. ഈ തുക ഇന്ത്യൻ എംബസി സൗദി കോടതി മുഖേന സൗദി ബാലന്റെ കുടുംബത്തിനു കൈമാറുന്നത്.
2006ൽ ഹൗസ് ഡ്രൈവർ വീസയിൽ സൗദിയിലെത്തിയ അബ്ദുൾ റഹീം സ്പോണ്സറുടെ മകന്റെ ദാരുണ മരണവുമായി ബന്ധപ്പെട്ടാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്. കഴുത്തിനു താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട സ്പോണ്സറുടെ മകൻ ഫായിസിനെ പരിചരിക്കുന്ന ജോലിയായിരുന്നു അബ്ദുൾ റഹീമിന്.
ഫായിസിനു ഭക്ഷണവും വെള്ളവുമടക്കം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടയ്ക്കു പുറത്തുകൊണ്ടുപോകേണ്ട ചുമതലയും അബ്ദുൾ റഹീമിനായിരുന്നു. കാറിൽ കൊണ്ടുപോകുന്നതിനിടെ അബ്ദുൾ റഹീമിന്റെ കൈ അബദ്ധത്തിൽ തട്ടി കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിന്റെ പ്രവർത്തനം നിലച്ച് കുട്ടി മരണമടയുകയായിരുന്നു.
സംഭവത്തെത്തുടർന്ന് കൊലപാതക കുറ്റം ചുമത്തി റിയാദിലെ കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതികളും വധശിക്ഷ ശരിവച്ചിരുന്നു. ഇതിനിടെ കുട്ടിയുടെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മാപ്പു നൽകാൻ അവർ തയാറായിരുന്നില്ല.
വർഷങ്ങൾ നീണ്ടുപോയതിനൊടുവിൽ 34 കോടി രൂപ ദയാധനം നൽകിയാൽ അബ്ദുൾ റഹീമിനു മാപ്പു നൽകാമെന്ന് ഫായിസിന്റെ കുടുംബം അറിയിച്ചതോടെയാണു ധനസമാഹരണം ആരംഭിച്ചത്.