കപ്പല്‍ പിടിച്ചെടുത്ത സംഭവം; ഇന്ത്യന്‍ ജീവനക്കാരെ കാണാന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് അനുമതി
Monday, April 15, 2024 3:50 PM IST
ന്യൂഡല്‍ഹി: ഇറാന് പിടിച്ചെടുത്ത ചരക്ക് കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ കാണാന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് അനുമതി. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇറാന് വിദേശകാര്യമന്ത്രി ഹൊസീന് അമീര്‍ അബ്ദുള്ളാഹിയനുമായി ഫോണിലൂടെ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നടപടി.
ഇന്ത്യന്‍ അംബാസിഡര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കപ്പലിലുള്ള ജീവനക്കാരെ കാണും. ഇസ്രയേല്‍-ഇറാന് സംഘര്‍ഷം തുടരുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ് ഹോര്‍മൂസ് കടലിടുക്കില്‍നിന്ന് ചരക്ക് കപ്പല്‍ ഇറാന് സൈന്യം പിടിച്ചെടുത്തത്.
നാല് മലയാളികള്‍ അടക്കം 17 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത്. തൃശൂര്‍ സ്വദേശി ആന്റസ ജോസഫ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ്, വയനാട് സ്വദേശി പി.വി.ധനേഷ് എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍.
കപ്പലിലുള്ള ഇന്ത്യക്കാരുടെ മോചനത്തിനായി നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു. ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ഇറാനും അറിയിച്ചിരുന്നു.