കരുവന്നൂരിൽ നിർണായക നീക്കവുമായി ഇഡി; പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് നല്‍കാമെന്ന് കോടതിയില്‍
Monday, April 15, 2024 3:34 PM IST
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിൽ പ്രതികളിൽനിന്നു കണ്ടുകെട്ടിയ 108 കോടി രൂപയുടെ സ്വത്തുക്കൾ നിക്ഷേപകർക്കു നൽകുന്നതിൽ എതിർപ്പില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു.
കരുവന്നൂർ ബാങ്ക് ക്രമക്കേട് പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പരാമര്‍ശിച്ചതിന് പിന്നാലെയാണ് ഇഡിയുടെ പുതിയ നീക്കം.
കരുവന്നൂർ നിക്ഷേപകരിൽ ഒരാൾ നൽകിയ ഹർജിയിലാണ് പിഎംഎൽഎ കോടതിയിൽ ഇഡി നിലപാട് അറിയിച്ചത്. ഇതുസംബന്ധിച്ച സത്യവാംഗ്മൂലം ഇഡി കോടതിയിൽ സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് നല്കാന് അവസരമുണ്ടെന്നും ഇഡി വ്യക്തമാക്കി.
കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ച പലർക്കും അവരുടെ പണം തിരികെ ലഭിക്കുന്നില്ലെന്നും 300 കോടിയോളം രൂപയുടെ നഷ്ടമാണ് ബാങ്കിനു സംഭവിച്ചിരിക്കുന്നതെന്നും ഇഡി വ്യക്തമാക്കി.
നേരത്തെ, കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ സംസ്ഥാന സർക്കാരിനും സിപിഎമ്മിനുമെതിരേ രൂക്ഷവിമർശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർത്തിയത്. ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിച്ചെന്നും കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്നും മോദി ആരോപിച്ചു.
ഇടത് സർക്കാർ അഴിമതിക്ക് പുതിയ മാർഗങ്ങൾ തേടുകയാണ്. കരുവന്നൂർ സഹകണ ബാങ്ക് അഴിമതി ഇതിന്റെ ഏറ്റവും വലിയ തെളിവാണ്. പാവങ്ങൾ അധ്വാനിച്ച പണം സിപിഎം കൊള്ള ചെയ്ത് കാലിയാക്കി. പെൺകുട്ടികളുടെ വിവാഹം മുടക്കി. ആയിരങ്ങളുടെ ജീവിതം കുഴപ്പത്തിലായി. പണമിട്ടാൽ പലിശ കിട്ടും അത്യാവശ്യത്തിനെടുക്കാം എന്ന് കരുതിയവരെയാണ് കബളിപ്പിച്ചതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ആലത്തൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കുന്നംകുളത്തെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് ഇടത് ഭരണത്തിനെതിരേ അദ്ദേഹം ആഞ്ഞടിച്ചത്. ആലത്തൂർ മണ്ഡലം സ്ഥാനാർഥി ടി.എൻ. സരസുവുമായി കരുവന്നൂർ വിഷയം സംസാരിച്ച കാര്യവും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു.
പണം നൽകും, കുറ്റക്കാരെ ശിക്ഷിക്കും എന്ന് മൂന്നുവർഷമായി നുണ പറയുകയാണ് മുഖ്യമന്ത്രി. എന്നാൽ, മോദിയാണ് നടപടി എടുത്തത്. തട്ടിപ്പുകാരുടെ 90 കോടി ഇഡി കണ്ടുകെട്ടി. കരുവന്നൂരിൽ വഞ്ചിതരായവർക്ക് പണം തിരിച്ചു നൽകും. അതിന് ഏതറ്റം വരെയും പോകുമെന്നും മോദി ഉറപ്പ് നല്കി.