ഇടിയോടുകൂടി വേനൽമഴയെത്തുന്നു; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Monday, April 15, 2024 3:10 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂടിൽ ആശ്വാസമായി വേനൽമഴ ശക്തിപ്രാപിക്കുന്നു. ഇന്ന് ഏഴു ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ എന്നീ ജില്ലകളിലാണ് ഇന്ന് ഇടിയോട് കൂടിയ മഴയുണ്ടാകുക.
അടുത്ത അഞ്ചു ദിവസങ്ങളില്‍ മധ്യ-തെക്കൻ ജില്ലകളിൽ വേനൽ മഴ ലഭിച്ചേക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
അതിനിടെ സംസ്ഥാനത്ത് ബുധനാഴ്ച വരെ 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ 38 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളില്‍ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാനാണ് സാധ്യത.