തൃശൂര്‍ പൂരം: ആനകളുടെ മുന്നിൽ ആറ് മീറ്റര്‍ ഒഴിച്ചിടണമെന്ന് ഹൈക്കോടതി
Monday, April 15, 2024 3:02 PM IST
കൊച്ചി: തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ മുന്നിൽ ആറ് മീറ്റര്‍ ഒഴിച്ചിടണമെന്ന് ഹൈക്കോടതി. ആറ് മീറ്റര്‍ ദൂരപരിധിയില്‍ താളമേളമോ തീവെട്ടിയോ അടക്കം ഒന്നും പാടില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റീസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, പി. ഗോപിനാഥ് എന്നിവരുടെ ബെഞ്ചാണ് ഹൈക്കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിംഗ് നടത്തിയത്. കുത്തുവിളക്ക് മാത്രം ആനയുടെ ആറ് മീറ്റർ പരിധിക്കുള്ളിൽ വയ്ക്കാം. തീവെട്ടി ആചാരത്തിന്റെ ഭാഗമല്ലെന്നും കോടതി വ്യക്തമാക്കി.
ആനയുടെ 50 മീറ്റര്‍ പരിധിയില്‍ താളമേളം പാടില്ലെന്ന മുന്‍ ഉത്തരവ് പിന്‍വലിച്ചതായി വനംവകുപ്പ് ഇന്ന് കോടതിയെ അറിയിച്ചു. ഇതോടെ എത്ര ദൂരപരിധിയാകാമെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളോട് കോടതി ആരാഞ്ഞു.
പരമാവധി അഞ്ചുമീറ്റര്‍ പരിധിയില്‍ കൂടുതല്‍ പാടില്ലെന്നാണ് ഇവര്‍ കോടതിയെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് കോടതി ആറ് മീറ്റര്‍ ദൂരപരിധി നിശ്ചയിച്ചത്.
ആറ് മീറ്റര്‍ ദൂരപരിധി തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തെ ബാധിക്കുമെന്ന് തിരുവമ്പാടി ദേവസ്വം ആശങ്ക ഉന്നയിച്ചു. എന്നാല്‍ ആനയുടെ മുന്‍ഭാഗത്താണ് ദൂരപരിധി നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും ഇത് കുടമാറ്റത്തെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആനയ്ക്ക് ഫിറ്റ്നസ് നല്കിയ വെറ്റിനറി ഓഫീസറുടെ വിശ്വാസ്യതയില്‍ കോടതി സംശയം ഉന്നയിച്ചു. ആനയ്ക്ക് കാഴ്ച ഇല്ലെന്നാണ് കോടതി മനസിലാക്കുന്നത്. പിന്നെ എങ്ങനെയാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് കോടതി ചോദിച്ചു.
മൂന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയ ആറ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്ന് വനം വകുപ്പ് മറുപടി നല്‍കിയെങ്കിലും ആനയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയാണ് മറ്റെന്തിനേക്കാളും പ്രധാനമായി കണക്കാക്കേണ്ടതെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.