ആവേശമുയർത്തി പ്രധാനമന്ത്രി കുന്നംകുളത്ത്; വൻ വരവേല്പ് നല്കി പ്രവർത്തകർ
Monday, April 15, 2024 12:41 PM IST
കുന്നംകുളം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കുന്നംകുളത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവേശകരമായ വരവേല്പ്. കുന്നംകുളം-പട്ടാന്പി റോഡിലെ ചെറുവത്തൂർ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് യോഗം നടക്കുന്നത്. രാവിലെ ഒന്പതോടെ തന്നെ പന്തലിൽ പ്രവർത്തകർ നിറഞ്ഞിരുന്നു.
ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ നിന്ന് റോഡ് മാർഗം വേദിയിലെത്തിയ അദ്ദേഹം, റോഡിന് ഇരുവശവും കാത്തിരുന്ന ജനങ്ങളെ അഭിവാദ്യം ചെയ്തു. ആലത്തൂരിലെ എൻഡിഎ സ്ഥാനാർഥി ടി.എൻ. സരസു, തൃശൂരിലെ സ്ഥാനാർഥി സുരേഷ് ഗോപി, മലപ്പുറത്തെ സ്ഥാനാർഥി എം. അബ്ദുൾ സലാം, പൊന്നാനിയിലെ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യം, ചാലക്കുടിയിലെ സ്ഥാനാർഥി കെ. എ. ഉണ്ണികൃഷ്ണൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
പുതിയ വർഷം കേരളത്തിന് വികസനത്തിന്റെ വർഷമായിരിക്കുമെന്ന് പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പുതിയ രാഷ്ട്രീയമാണ് ഇനി കേരളത്തിൽ ഉണ്ടാകുക. അടുത്ത അഞ്ച് വർഷംകൊണ്ട് കേരളത്തിന്റെ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരുപാട് പാരമ്പര്യമുള്ള സ്ഥലമാണ് കേരളം. അതിമനോഹരമായ പ്രകൃതിഭംഗിക്കൊണ്ട് അനുഗ്രഹിച്ച സ്ഥലം. അടുത്ത അഞ്ച് വർഷംകൊണ്ട് കേരളത്തിന്റെ പാരമ്പര്യത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തും. പാരമ്പര്യം മുറുകെപ്പിടിച്ച് വികസനം എന്ന നയമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ആലത്തൂർ മണ്ഡലത്തിലാണ് യോഗം നടക്കുന്നതെങ്കിലും തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിലെയും പ്രവർത്തകർ എത്തിയിട്ടുണ്ട്. ഇവിടെ നിന്ന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലേക്കാണ് പ്രധാനമന്ത്രി പോകുന്നത്.
തൃശൂർ ജില്ലയിൽ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി എത്തുന്നത്. നേരത്തേ തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച മഹിളകളുടെ യോഗത്തിലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. പിന്നീട് തൃശൂർ സ്ഥാനാർഥി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂരിൽ എത്തിയിരുന്നു.