വിഷുദിന ഇടിവിനു ശേഷം കുതിച്ചുയർന്ന് സ്വർണം; ഒന്നരമാസത്തിനിടെ കൂടിയത് 7,000 രൂപ
Monday, April 15, 2024 11:54 AM IST
കൊച്ചി: ഒരുദിവസത്തെ ഇടിവിനു ശേഷം കുതിച്ചുയർന്ന് സ്വർണവില. ഒരു ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു ഗ്രാം സ്വര്‍ണത്തിന് 6,705 രൂപയിലും ഒരു പവന് 53,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപ കൂടി 5,605 രൂപയിലും പവന് 360 രൂപ കൂടി 44,840 രൂപയിലുമെത്തി. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 60 രൂപ വർധിച്ച് 7,315 രൂപയിലെത്തി. എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 480 രൂപ ഉയർന്ന് 58,520 രൂപയിലേക്ക് എത്തി.
കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. പിന്നീടുള്ള 10 ദിവസത്തിനിടെ മൂവായിരത്തിലേറെ രൂപ വര്‍ധിച്ച് വെള്ളിയാഴ്ച 53,000 കടന്ന് സർവകാല റിക്കാർഡിട്ടു. ഏപ്രിൽ മാസം ഇതുവരെ 3,000 രൂപയുടെ വർധനവാണ് സ്വര്‍ണവിലയിൽ രേഖപ്പെടുത്തിയത്. അതായത് ഒന്നര മാസത്തിനിടെ ഒരു പവന് 7,000 രൂപയുടെ വര്‍ധനവാണുണ്ടായത്.
ഇറാന് -ഇസ്രയേല്‍ സംഘർഷസാധ്യത നിലനിൽക്കുന്നതാണ് സ്വര്‍ണത്തിന്റെ വന്‍ കുതിപ്പിന് കാരണം. ഇന്ന് അന്താരാഷ്ട്ര സ്വർണവില 2356 ഡോളറിലാണ് വിപണി പുരോഗമിക്കുന്നത്.
അതേസമയം, വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 89 രൂപയിലാണ് വ്യാപാരം നടക്കുന്നത്. എന്നാൽ, തുടര്‍ച്ചയായ മൂന്നാം ദിനവും ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.