തൃശൂര്‍ പൂരം; വനംവകുപ്പ് സര്‍ക്കുലറിലെ വിവാദ നിര്‍ദേശങ്ങള്‍ ഒഴിവാക്കി
Monday, April 15, 2024 11:35 AM IST
തൃശൂര്‍: പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പൂരത്തിന് ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലറിലെ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്തി വനംവകുപ്പ്. ആനയ്ക്ക് 50 മീറ്റര്‍ ചുറ്റളവില്‍ ആരും പാടില്ലെന്ന നിര്‍ദേശം അടക്കം ഒഴിവാക്കിയിട്ടുണ്ട്.
ആനയുടെ 50 മീറ്റര്‍ ചുറ്റളവില്‍ പടക്കം, തീ വെട്ടി, താളമേളം എന്നിവ പാടില്ലെന്ന നിർദേശം ഒഴിവാക്കി. ആനകള്‍ക്ക് അസ്വസ്ഥത ഉണ്ടാകാത്ത തരത്തില്‍ സുരക്ഷിതമായ അകലത്തില്‍ ക്രമീകരിച്ചാല്‍ മതിയെന്നാണ് പുതിയ തിരുത്ത്.
നാട്ടാനകൾ ഇടഞ്ഞാൽ അവയെ തളയ്ക്കാൻ വേണ്ടി ഉപയോഗിക്കാൻ പാടില്ലാത്ത ചില നിരോധിത വസ്തുക്കളുടെ പേരുകൾ സർക്കുലറിൽ ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചാൽ ആനകളുടെ ഉടമകൾക്കെതിരേ നടുപടിയെടുക്കുമെന്നായിരുന്നു നിർദേശം. ഈ വസ്തുക്കളുടെ പേര് സർക്കുലറിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വനംവകുപ്പിന്റെ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടുനല്‍കില്ലെന്ന നിലപാടിലായിരുന്നു ആന ഉടമകളുടെ സംഘടന. പ്രതിഷേധം ശക്തമായതോടെ സര്‍ക്കുലര്‍ തിരുത്തുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ സര്‍ക്കുലറിലെ നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കുലറിലെ വിവാദ നിർദേശങ്ങൾ ഒഴിവാക്കിയ വിവരം വനംവകുപ്പ് കോടതിയെ അറിയിക്കും.