കൊടുംചൂടും വേനൽമഴയും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്
Monday, April 15, 2024 11:28 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കൊടുംചൂടും വേനൽമഴയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
ബുധനാഴ്ച വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സാധാരണയേക്കാൾ രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കു സാധ്യതയുണ്ട്.
അതേസമയം, ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.