പ്രവിയയെ കൊന്നത് പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെ; പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി മാതാപിതാക്കൾ
Monday, April 15, 2024 11:04 AM IST
പാലക്കാട്: പട്ടാമ്പിയിൽ യുവതിയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിഷുദിനത്തില്‍ പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെയാണ് തൃത്താല പട്ടിത്തറ കാങ്ങാട്ടുപടി സ്വദേശി കങ്കണത്ത് പറമ്പിൽ കെ.പി. പ്രവിയ (30) പ്രതി സന്തോഷിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഏറേ നേരെ കാത്തിരുന്നിട്ടും പ്രവിയയെ കാണാതായതോടെ പ്രതിശ്രുതവരൻ അന്വേഷിച്ച് എത്തിയപ്പോൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവാവ് സ്ഥലത്തേക്ക് എത്തുന്നത് കണ്ട പ്രതി തിടുക്കത്തിൽ ഓടിപ്പോകുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച മൊഴി. ഫോൺ രേഖകളിൽ പരിശോധിച്ചതിൽനിന്ന് തെളിവുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇതിനിടെ, പ്രവിയയെ പ്രതിയായ സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തി. വിവാഹത്തിൽ നിന്ന് പിന്തിരിയാൻ സന്തോഷ് നിരന്തരം ഭീഷണിപ്പെടുത്തിയതായി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
പ്രവിയയുടെ വിവാഹം ഉറപ്പിച്ചത് സന്തോഷിനെ പ്രകോപിപ്പിച്ചതായാണ് വിവരം. വിവാഹത്തിൽ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് പ്രതി നിരന്തരം പ്രവിയയെ ശല്യപ്പെടുത്തിയിരുന്നുവെന്നാണ് മാതാപിതാക്കൾ പോലീസിൽ മൊഴി നൽകിയിരിക്കുന്നത്.
പട്ടാമ്പി കൊടുമുണ്ടയിൽ ഞായറാഴ്ചയാണ് പ്രവിയയെ സുഹൃത്ത് സന്തോഷ് കുത്തിവീഴ്ത്തിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയത്. കുത്താൻ ഉപയോഗിച്ച് കത്തിയുടെ ഉറ, തീ കൊളുത്തിയ ലൈറ്റർ എന്നിവ സമീപത്തുണ്ട്.
പ്രവിയയെ കൊലപ്പെടുത്തിയെന്ന് ബന്ധുക്കളെ സന്തോഷ് തന്നെ വിളിച്ചറിയിച്ചുവെന്നാണ് വിവരം. ഇതിന് ശേഷം ബന്ധുവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച സന്തോഷിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
തൃത്താല ആലൂര് മൂലടിയില്‍ സന്തോഷ് (45), യുവതി മുന്‍പ് ജോലി ചെയ്തിരുന്ന ഫോട്ടോസ്റ്റാറ്റ് കടയുടെ ഉടമയാണ്. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. പിന്നീട് പ്രവിയയ്ക്ക് വേറെ വിവാഹം ഉറപ്പിച്ചതാണ് സന്തോഷിനെ കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു. പ്രവിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.