കഴുത്തില്‍ കയര്‍ കുരുങ്ങിയുള്ള അപകടം; യുവാവിന്റെ മരണം പോലീസിന്റെ പിഴവ് മൂലമെന്ന് കുടുംബം
Monday, April 15, 2024 10:18 AM IST
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ചയുണ്ടായെന്ന് കുടുംബം. ഗതാഗതം തടഞ്ഞത് നേര്‍ത്ത പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ചെന്ന് മരിച്ച മനോജിന്റെ സഹോദരി ചിപ്പി പറഞ്ഞു.
രാത്രിയിലാണ് അപകടം നടന്നത്. സ്ഥലത്ത് സ്ട്രീറ്റ് ലൈറ്റ് ഉണ്ടായിരുന്നില്ല. ബാരിക്കേടോ വടമോ ഉപയോഗിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നെന്നും കുടുംബം പറഞ്ഞു.
റോഡിൽ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10ഓടെ എസ്എ റോഡിൽ നിന്ന് വന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് അപകടമുണ്ടായത്.
കഴുത്തിൽ കയർ കുരുങ്ങി തലയടിച്ച് റോഡിൽ വീഴുകയായിരുന്നു. പിന്നീട് പോലീസുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ ഒന്നോടെ മരിച്ചു.