പ്രചാരണച്ചൂട് കൂടുന്നു; മോദിയും രാഹുലും ഇന്ന് കേരളത്തിൽ; സിപിഎം ദേശീയ നേതാക്കളുമെത്തും
Monday, April 15, 2024 10:05 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവേ സിപിഎം ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, തപൻ സെൻ, സുഭാഷിണി അലി എന്നിവർ ഇന്ന് മുതൽ ഏപ്രിൽ 23 വരെ സംസ്ഥാനത്തെ വിവിധ തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളിൽ പങ്കെടുക്കും.
നിലവിൽ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ മണ്ഡല പര്യടനം പുരോഗമിക്കുകയാണ്. ഇതിനു പുറമേയാണ് പാർട്ടി ദേശീയ നേതാക്കളും എത്തുന്നത്.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ ഒമ്പത് മണിയോടെ ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്താണ് ആദ്യ പൊതുപരിപാടിയും റോഡ് ഷോയും. പിന്നീട് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലും മോദി എത്തും.
യുഡിഎഫിന്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ ഒൻപതരയ്ക്ക് നീലഗിരി ആട്സ് ആൻഡ് സയൻസ് കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങുന്ന രാഹുൽ ഗാന്ധി ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവിടങ്ങളിൽ റോഡ് ഷോ നടത്തും.