നിർബന്ധിത ശൈശവ വിവാഹത്തിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടിക്ക് ഇന്റർമീഡിയറ്റ് പരീക്ഷയിൽ ഒന്നാം സ്ഥാനം
Monday, April 15, 2024 3:27 AM IST
അമരാവതി: ആന്ധ്രാപ്രദേശിൽ നിർബന്ധിത ശൈശവ വിവാഹത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടിക്ക് ഒന്നാം വർഷ ഇന്റർമീഡിയറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക്. കുർണൂലിൽ നിന്നുള്ള ജി. നിർമലയാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
പിന്നാക്ക വിഭാഗങ്ങൾക്കായി വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന റസിഡൻഷ്യൽ ഗേൾസ് സ്കൂളായ കുർണൂലിലെ കസ്തൂർബാ ഗാന്ധി ബാലിക വിദ്യാലയത്തിലെ (കെജിബിവി) വിദ്യാർഥിനിയായ ജി. നിർമ്മല പരീക്ഷയിൽ 440-ൽ 421 മാർക്ക് നേടി.
നിർമലയെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഒരു ഐപിഎസ് ഓഫീസറാകാനുള്ള നിർമലയുടെ ആഗ്രഹം സാമൂഹിക നീതിയോടുള്ള അവളുടെ സമർപ്പണത്തെ പ്രകടമാക്കുന്നു. നിർമലയുടെ ധൈര്യത്തെ നമുക്ക് ആഘോഷിക്കാം, അവളുടെ ഭാവി പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എക്സിൽ കുറിച്ചു.
ജീവിതത്തിൽ തന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ പിന്തുടരുന്നതിൽ ഉറച്ചുനിന്ന നിർമല, കഴിഞ്ഞ വർഷം "ഗഡപ ഗഡപകു മന പ്രഭുത്വം' എന്ന പരിപാടിയിൽ തന്റെ ജീവിത ലക്ഷ്യങ്ങൾ പിന്തുടരാൻ സഹായിക്കണമെന്ന അഭ്യർഥനയുമായി തന്നെ സമീപിച്ചിരുന്നുവെന്ന് വൈഎസ്ആർസിപി നിയമസഭാംഗം വൈ. സായിപ്രസാദ് റെഡ്ഡി പറഞ്ഞു.
പെൺകുട്ടിയുടെ ലക്ഷ്യം ബോധ്യപ്പെട്ട അദ്ദേഹം ജില്ലാ കളക്ടർ ജി.സൃജനയെ വിവരം അറിയിക്കുകയും അദ്ദേഹം ഇടപെട്ട് ശൈശവ വിവാഹത്തിൽ നിന്ന് ജി.നിർമലയെ ആദ്യം രക്ഷപ്പെടുത്തുകയും ചെയ്തു.
പിന്നീട് ജില്ലാ ഭരണകൂടം അവളെ ആസ്പരിയിലെ കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.