വടകരയില്‍ ആര്‍എംപിക്ക് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
Sunday, April 14, 2024 11:44 AM IST
കോഴിക്കോട്: വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ആര്‍എംപി അഴിയൂര്‍ മേഖലാ പ്രസിഡന്റ് രോഷിന്, മേഖലാ കമ്മിറ്റി അംഗം രതുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രോഷിന്റെ തലയ്ക്കും കൈയ്ക്കും പരിക്കുണ്ട്. രതുന്റെ മൂക്കിന്റെ അസ്ഥിക്ക് പൊട്ടലുണ്ട്. ഇരുവരും വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വകടര അഴിയൂരില്വച്ച് ശനിയാഴ്ച രാത്രി പത്തിനാണ് സംഭവം. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ പോസ്റ്ററുകള്‍ കെട്ടി തിരികെ മടങ്ങുമ്പോള്‍ ഇരുവര്‍ക്കും നേരെ ആക്രമണമുണ്ടാവുകയായിരുന്നു. സംഭവത്തില്‍ ചോമ്പാല പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആര്‍എംപി ആരോപിച്ചു. വടകരയിലെ സിപിഎം നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ആക്രമണമുണ്ടായെന്നും ഇവര്‍ ആരോപണം ഉന്നയിച്ചു.