തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ കേസ്
Sunday, April 14, 2024 1:06 AM IST
ഉത്തർപ്രദേശ്: മാതൃകാ പെരുമാറ്റച്ചട്ടവും നിരോധന ഉത്തരവുകളും ലംഘിച്ചതിന് കൈസർഗഞ്ചിൽ നിന്നുള്ള ബിജെപി എംപിയും മുൻ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ കേസ്.
വെള്ളിയാഴ്ച അനുമതിയില്ലാതെ 25-30 വാഹനങ്ങളുമായി എംപി തന്റെ മണ്ഡലത്തിലെ ഖാർഗുപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കത്ര അസംബ്ലി മണ്ഡലത്തിലെ നിരവധി ഗ്രാമങ്ങൾ സന്ദർശിച്ചതായി ജില്ലാ മജിസ്ട്രേറ്റ് (ഡിഎം) നേഹ ശർമ പറഞ്ഞു.
കത്ര മാർക്കറ്റ് ഏരിയയിലെ ഫ്ലയിംഗ് സ്ക്വാഡ് ടീമിന്റെ ചുമതലയുള്ള ഡോ. നസ്മുൽ ഇസ്ലാം ബ്രിജ് ഭൂഷണെതിരെ കേസെടുക്കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് സിആർപിസി സെക്ഷൻ 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ജില്ലയിൽ പ്രാബല്യത്തിലുണ്ടെന്നും മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കാൻ ജില്ലാ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്നും ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. ആരെങ്കിലും ഇത് ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം സബ് ഇൻസ്പെക്ടർ മൃത്യുഞ്ജയ് സിംഗിന് കൈമാറിയതായും പോലീസ് സ്റ്റേഷൻ ഇൻചാർജ് ദിനേശ് സിംഗ് പറഞ്ഞു. അതേസമയം, കൈസർഗഞ്ച് മണ്ഡലത്തിലെ സ്ഥാനാർഥിയെ ബിജെപി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.