ചർച്ചകൾ ഫലംകണ്ടു; പിവിആർ ഗ്രൂപ്പിന്റെ സ്ക്രീനുകളിൽ മലയാള സിനിമാ പ്രദർശിപ്പിക്കും
Saturday, April 13, 2024 7:30 PM IST
കൊച്ചി: നീണ്ട ചർച്ചകൾക്ക് ഒടുവിൽ പിവിആർ ഐനോക്സിന്റെ തിയറ്ററുകളിൽ മലയാള സിനിമ പ്രദർശിപ്പിക്കാൻ തീരുമാനമായി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
സിനിമയുടെ പ്രൊജക്ഷൻ ചെയ്യുന്ന കണ്ടന്റ് മാസ്റ്ററിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കത്തെ തുടർന്ന് മൾട്ടിപ്ലക്സ് തിയറ്റർ ശൃംഖലയായ പിവിആർ ഐനോക്സിന്റെ തിയറ്ററുകളിൽ മലയാള സിനിമാ പ്രദർശിപ്പിച്ചിരുന്നില്ല.
രണ്ടുദിവസം മുമ്പാണ് മലയാള ചിത്രങ്ങളുടെ ബുക്കിങ്ങും പ്രദർശനവും പിവിആർ നിർത്തിയത്. ഇതോടെ പ്രദർശിപ്പിച്ചുകൊണ്ടിരുന്നതും വിഷു റിലീസിന് ഒരുങ്ങിയിരുന്നതുമായ സിനിമകൾക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്ന് സംവിധായകർ ചൂണ്ടിക്കാട്ടിയിരുന്നു.
കൊച്ചി നഗരത്തിൽ 22 സ്ക്രീനുകളും സംസ്ഥാനമൊട്ടാകെ 44 സ്ക്രീനുകളും പിവിആറിനുണ്ട്. സംവിധായകരുടെയും നിർമാതാക്കളുടെയും പ്രതിനിധികളുമായി ഓൺലൈനിൽ നടത്തിയ യോഗത്തിലാണ് സിനിമ പ്രദർശിപ്പിക്കാൻ തീരുമാനമായത്.