വനംവകുപ്പിന്റെ വിവാദ സർക്കുലർ; അപ്രായോഗിക നിര്‍ദേശങ്ങള്‍ തിരുത്തുമെന്ന് മന്ത്രി ശശീന്ദ്രൻ
Saturday, April 13, 2024 3:42 PM IST
തിരുവനന്തപുരം: ആനകളെ പൂരത്തിന് എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ വനംവകുപ്പിന്റെ സര്‍ക്കുലര്‍ പിന്‍വലിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. സര്‍ക്കുലറിലെ അപ്രായോഗിക നിര്‍ദേശങ്ങള്‍ തിരുത്തിയ ശേഷം കോടതിയില്‍ പുതിയ സത്യവാംഗ്മൂലം സമര്‍പ്പിക്കുമെന്നും മന്ത്രി പ്രതികരിച്ചു.
വനംവകുപ്പിന്റെ സര്‍ക്കുലറില്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ ഉത്കണ്ഠ അറിയിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. കോടതി നിര്‍ദേശപ്രകാരം വേഗത്തില്‍ തയാറാക്കിയ സര്‍ക്കുലര്‍ ആണിത്. അതുകൊണ്ടാണ് അപ്രായോഗിക നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ടത്.
ഉത്സവ പരിപാടികള്‍ ആചാരമനുസരിച്ച് നടത്തുന്നത് പ്രധാനമാണ്. എന്നാല്‍ നിയമം മറികടന്ന് തീരുമാനം എടുക്കാന്‍ കഴിയില്ല. ആനകളുടെ സംരക്ഷണവും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച കോടതിയില്‍ പുതുക്കിയ സത്യവാംഗ്മൂലം സമര്‍പ്പിക്കും. അടിയന്തരസാഹചര്യം കോടതിയെ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആനകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ തീവെട്ടി, താളമേളം, പടക്കം എന്നിവ ഇല്ലെന്ന് ഉറപ്പ് വരുത്തണം. ആനകളുടെ 50 മീറ്റര്‍ അകലെ മാത്രമേ ആളുകളെ നിര്‍ത്താവൂ, ചൂട് കുറയ്ക്കാനായി ഇടയ്ക്കിടെ ആനകളെ നനയ്ക്കണം തുടങ്ങിയ നിർദേശങ്ങളാണ് വനംവകുപ്പിന്റെ സർക്കുലറിൽ ഉള്ളത്. ഇത് തൃശൂർ പൂരത്തിന് പ്രതിസന്ധിയാകുമെന്ന അവസ്ഥ വന്നതോടെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ഇതിനെതിരേ രംഗത്തുവന്നിരുന്നു.