കാട്ടാന കിണറ്റിൽവീണ സംഭവം; പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ
Saturday, April 13, 2024 2:55 PM IST
എറണാകുളം: കോതമംഗലത്ത് കാട്ടാന കിണറ്റിൽവീണ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ. രക്ഷാദൗത്യത്തിനുപയോഗിച്ച മോട്ടോറും മണ്ണുമാന്തിയന്ത്രയും വിട്ടുതരില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
കിണർ തകർന്നതോടെ കുടിവെള്ള സ്രോതസ് നഷ്ടമായി. നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന ജലസ്രോതസാണ് നഷ്ടമായത്. വനംവകുപ്പും ഉദ്യോഗസ്ഥരും വാക്കുപാലിച്ചില്ലെന്നും സ്ഥലമുടമ ആരോപിച്ചു.
വിഷയത്തിൽ കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ യോഗംചേർന്ന് പ്രതിഷേധ മാർച്ച് നടത്താനാണ് നാട്ടുകാരുടെ നീക്കം. വെള്ളിയാഴ്ച പുലർച്ചെയാണ് ആന കിണറ്റിൽ വീണത്. തുടർന്ന് 15 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് ആനയെ കിണറ്റിൽനിന്നു കയറ്റി കാട്ടിലേക്ക് തുരത്തിയത്.