വടകരയിൽ ഒരുവര്‍ഷത്തിനിടെ മയക്കുമരുന്ന് കുത്തിവച്ചു മരിച്ചത് ആറുപേര്‍
Saturday, April 13, 2024 2:29 PM IST
കോഴിക്കോട്: വടകര മേഖലയില്‍ ഒരു വര്‍ഷത്തിനിടെ മയക്കുമരുന്നു കുത്തിവച്ച് മരിച്ചത് ആറുപേര്‍. ഇവരെല്ലാം മയക്കുമരുന്ന് ഉപയോഗിച്ചാണു മരിച്ചതെന്നു സംശയിക്കുന്നുവെങ്കിലും പോലീസ് ഇതിനെതിരായി കാര്യമായ നീക്കമൊന്നും നടത്തുന്നില്ല.
മരണത്തോടെ എല്ലാ അന്വേഷണങ്ങളും നിലയ്ക്കുകയാണ്. കഴിഞ്ഞദിവസം രണ്ടുയുവാക്കള്‍ കൂടി മരിച്ചതോടെ മയക്കുമരുന്ന് മാഫിയ നാള്‍ക്കുനാള്‍ സമൂഹത്തെ വരിഞ്ഞു മുറുക്കുകയാണെന്ന് സുചിപ്പിക്കുന്നു.
വെള്ളിയാഴ്ച ഏറാമല കുന്നുമ്മക്കരയിലെ ഒഴിഞ്ഞ പറമ്പില്‍ രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തോടെ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെക്കുറിച്ച് പോലീസ് കണക്കെടുപ്പ് തുടങ്ങി. യുവാക്കളുടെ മരണത്തോടെയാണ് ഇവിടെ മയക്കുമരുന്നുപയോഗിക്കുന്നവരുണ്ടെന്നുള്ള വിവരം പോലും ഈ ഗ്രാമത്തിലെ നാട്ടുകാർ അറിയുന്നത്. നാട്ടിൻപുറത്തെ ഗ്രാമങ്ങളിലെല്ലാം മയക്കുമരുന്നുപയോഗം പടർന്നുപിടിക്കുന്നതായാണു വിവരം.
കഴിഞ്ഞ സെപ്റ്റംബറില്‍ വടകര കൈനാട്ടി മേല്‍പ്പാലത്തിന്റെ അടിവശത്തു പ്രവാസിയായ യുവാവിനെ മരിച്ചനിലയില്‍ കാണപ്പെട്ടത് ഏറെ വിവാദമായിരുന്നു. പിന്നില്‍ മയക്കുമരുന്ന് മാഫിയയാണെന്ന ആരോപണം തുടക്കം മുതല്‍ ഉയര്‍ന്നു. ഏതോ വീട്ടില്‍ കൊണ്ടു പോയി മയക്കുമരുന്ന് കുത്തിവച്ചെന്നും അവശനായതോടെ രണ്ടുപേര്‍ ചേര്‍ന്ന് മോട്ടോര്‍ സൈക്കളില്‍ ഇരുത്തി പാലത്തിനടിയില്‍ ഉപേക്ഷിച്ചുെവന്നുമായിരുന്നു സംസാരം.
ഒടുവില്‍ ഇതു തെളിയുന്നത് ജനുവരിയിലാണ്. ഈ സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു മൂന്നുപേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരും ഉണ്ടായിരുന്നു.
ഏറാമലയില്‍ മൂന്നുമാസംമുമ്പ് ഒരു യുവാവിനെ ഇടവഴിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിലും മയക്കുമരുന്നുസംഘമാണു പ്രതിസ്ഥാനത്ത്. കൊയിലാണ്ടിയില്‍ കഴിഞ്ഞമാസം ഒരു യുവാവിനെ മരിച്ചനിലയിലും മറ്റൊരു യുവാവിനെ അബോധാവസ്ഥയിലും കണ്ടെത്തിയിരുന്നു. ഈ സംഭവവും മയക്കുമുന്ന് ഉപയോഗത്തിലേക്കാണ് എത്തുന്നത്.
ആറുമാസംമുമ്പ് ഓര്‍ക്കാട്ടേരി ടൗണിനു സമീപം യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സം ഭവത്തിലും വടകര ടൗണിലെ ലോഡ്ജില്‍ യുവാവ് മരിച്ച സംഭവത്തിലുമെല്ലാം മയക്കുമരുന്നു പ്രധാന ഘടകമാണ്.
പല മരണങ്ങളിലും വ്യക്തമായ ഉത്തരം കിട്ടാത്തത് പോലീസിന്റെ അന്വഷണത്തിനു തടസം സൃഷ്ടിക്കുന്നു. മയക്കുമരുന്ന് മാഫിയകള്‍ താവളമാക്കുന്ന ഒട്ടേറെ ഇടങ്ങള്‍ ടൗണുകളിലുണ്ട്. നാട്ടിന്‍പുറങ്ങളില്‍പ്പോലും ഇത്തരം കേന്ദ്രങ്ങളുണ്ട്. സ്കൂളുകളുടെയും കോളജുകളുടെയും പരിസരം മയക്കുമരുന്നു സംഘങ്ങളുടെ കേന്ദ്രങ്ങളാണ്. എന്നാല്‍ ഇവര്‍ക്ക് കൈവിലങ്ങിടാന്‍ ഭരണകൂടങ്ങള്‍ക്കു കഴിയുന്നില്ലെന്നു മാത്രം.